
റിയാദ്: സൗദി സ്വകാര്യ മേഖലയിലെ കാറ്ററിങ് ജോലിക്കാരെ താൽക്കാലികമായി കൈമാറാനുള്ള സംവിധാനത്തിന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി. നാല് നിബന്ധനകൾക്ക് വിധേയമായി ‘അജീർ’ എന്ന ഓൺലൈൻ സംവിധാനം വഴിയാണ് ജീവനക്കാരെ താൽക്കാലികമായി കൈമാറ്റം ചെയ്യാനാവുക. തൊഴിലാളികളെ കൈമാറുന്ന രണ്ട് സ്ഥാപനങ്ങളും കാറ്ററിങ് ലൈസൻസോടെ ഇതേ മേഖലയിൽ പ്രവർത്തിക്കുന്നതാകണമെന്നതാണ് ഒന്നാമത്തെ നിബന്ധന.
നിതാഖത്ത് പ്രകാരം പച്ച ഗണത്തിലായിരിക്കണം, കൈമാറ്റം ചെയ്യപ്പെടുന്ന കാലാവധി രണ്ട് വർഷത്തിനുള്ളിൽ 12 മാസത്തിലധികം കൂടരുത്, കൈമാറ്റം ചെയ്യപ്പെടുന്ന വിദേശി തൊഴിലാളികളുടെ എണ്ണം 20 ശതമാനത്തിൽ കൂടരുത് തുടങ്ങിയവയാണ് മറ്റ് നിബന്ധനകൾ. തൊഴിലാളികളെയും തൊഴിൽ പരിചയത്തെയും പരസ്പരം പങ്കുവെച്ച് വിപണിക്ക് ഗുണപരമായി ഉപയോഗപ്പെടുത്തുക, തൊഴിൽ നിയമങ്ങൾ പാലിക്കുക, ഓരോ സ്ഥാപനങ്ങൾക്കും ആവശ്യമാകുന്ന ജോലിക്കാരെ സൗദിയിൽ നിലവിലുള്ള ലഭ്യതയിൽ നിന്ന് ഉപയോഗപ്പെടുത്തുക എന്നിവയാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ലക്ഷ്യമെന്നും തൊഴിൽ മന്ത്രാലയം വിശദീകരിച്ചു. അജീർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി തൊഴിലാളികളെ കൈമാറാനുള്ള നടപടികൾ പൂർത്തീകരിക്കാനാവുമെന്നും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam