
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരുന്ന ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ക്ക് കൂടുതല്‍ പണം ഈടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച യാത്രാ കൂലിയേക്കാള്‍ അധികം ചാര്‍ജ് ഈടാക്കാന്‍ പാടില്ല. ഇതിന് പുറമെ സര്‍വീസുകളില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് തന്നെയാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ കാരണം മടങ്ങാനാവാത്ത പ്രവാസികള്‍ക്കുള്ള ധനസഹായ വിതരണം ഏപ്രില്‍ 15 മുതല്‍ തുടങ്ങുമെന്ന് നോര്‍ക്ക റൂട്ട്സ് ഇന്ന് അറിയിച്ചിരുന്നു. ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ്‍പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്കാണ് സർക്കാർ, നോർക്ക വഴി 5000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നത്.
സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് , ഇത്തരം അക്കൗണ്ട് ഇല്ലാത്തവർക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകൾ സമർപ്പിച്ച ഭാര്യ/ ഭർത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുകയെന്ന് നോര്‍ക്ക റൂട്ട്സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചവർക്കായിരിക്കും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam