പ്രവാസികളുടെ ക്വാറന്‍റീന്‍ മാര്‍ഗരേഖ പുതുക്കി; വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുമതി

By Web TeamFirst Published Jun 11, 2020, 6:57 PM IST
Highlights

സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ ഇവര്‍ക്ക് വീടുകളിലേക്ക് പോകാം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം, പൊലീസ്, കൊവിഡ് കെയര്‍ സെന്റര്‍, നോഡല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍, ഇവര്‍ക്കെല്ലാം ഇത് സംബന്ധിച്ച് വിവരം കൈമാറും. നിശ്ചിത സമയത്തിനുള്ളില്‍ യാത്രക്കാരന്‍ വീട്ടില്‍ എത്തിച്ചേര്‍ന്നോയെന്ന് പൊലീസ് ഉറപ്പാക്കും.

തിരുവനന്തപുരം: വിദേശത്ത് നിന്നും സംസ്ഥാനത്തെത്തുന്നവരുടെ ക്വാറന്‍റീന്‍ മാര്‍ഗരേഖ പുതുക്കി. വിദേശത്ത് നിന്നെത്തുന്നവരില്‍ വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമുള്ളവര്‍ക്ക് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി ആവശ്യമായ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും തുടര്‍ന്ന് വീടുകളിലേക്ക് പോകാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ ഇവര്‍ക്ക് വീടുകളിലേക്ക് പോകാം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം, പൊലീസ്, കൊവിഡ് കെയര്‍ സെന്റര്‍, നോഡല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍, ഇവര്‍ക്കെല്ലാം ഇത് സംബന്ധിച്ച് വിവരം കൈമാറും. നിശ്ചിത സമയത്തിനുള്ളില്‍ യാത്രക്കാരന്‍ വീട്ടില്‍ എത്തിച്ചേര്‍ന്നോയെന്ന് പൊലീസ് ഉറപ്പാക്കും. വീട്ടില്‍ ക്വാറന്‍റീനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനത്തിനാണ്. ന്യൂനതകളുണ്ടെങ്കില്‍ സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സുരക്ഷിതമായ ക്വാറന്‍റീന്‍ ഉറപ്പാക്കാന്‍ വീട്ടിലുള്ളവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തും. കുട്ടികള്‍, പ്രായമായവര്‍ എന്നിവരുണ്ടെങ്കില്‍ പ്രത്യേകമായി തന്നെ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്‍റീന്‍ ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ നിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കും. വീട്ടില്‍ ക്വാറന്‍റീന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ പോകാം. വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്കാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ദ്ദേശിക്കുന്നത്.  

പെയ്ഡ് ക്വാറന്‍റീന്‍ ആവശ്യെപ്പെടുന്നവര്‍ക്ക് ഹോട്ടല്‍ സംവിധാനമാണ് ഒരുക്കുന്നത്. വീട്ടില്‍ ഏതെങ്കിലും രീതിയില്‍ അസൗകര്യമുള്ളവര്‍ ഹോട്ടലുകളില്‍ താമസിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ മാത്രമാണ് അവര്‍ക്ക് പെയ്ഡ് ക്വാറന്‍റീന്‍ സംവിധാനം ഒരുക്കുന്നത്. 14 ദിവസത്തെ ക്വാറന്‍റീന്‍ കാലത്തെ ചെലവുകള്‍ ആ വ്യക്തി തന്നെ വഹിക്കണം. ഇത്തരത്തില്‍ മാത്രമാണ് ഇപ്പോള്‍ പെയ്ഡ് ക്വാറന്‍റീന്‍ നിലവിലുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യപ്പെടാത്തവര്‍ക്ക് സാധാരണ രീതിയില്‍ വീട്ടില്‍ കഴിയാവുന്നതാണ്. വീട്ടില്‍ ക്വാറന്‍റീന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളിലും കഴിയാം.

സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലും പെയ്ഡ് ക്വാറന്‍റീന്‍ സംവിധാനങ്ങളിലും ആവശ്യമായ സൗകര്യങ്ങളും കര്‍ശന നിരീക്ഷണവും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം, റവന്യൂ അധികൃതര്‍, പൊലീസ് എന്നിവര്‍ ഉറപ്പുവരുത്തും. വിദേശരാജ്യങ്ങളില്‍ നിന്ന് 17.71 ശതമാനം ആളുകള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. 38,871 പേരാണ് വിദേശത്ത് നിന്ന് കേരളത്തിലെത്തിയതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

click me!