കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാരായ വിദേശികളുടെ തൊഴില്‍ കരാര്‍ പുതുക്കുന്നത് പ്രത്യേക അനുമതിയോടെ മാത്രം

By Web TeamFirst Published Jun 7, 2019, 12:54 PM IST
Highlights

സർക്കാർ മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ കണക്കെടുത്തത്. സിവിൽ സർവീസ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു   81,817 വിദേശികളാണ് സർക്കാർ ജോലിക്കാരായുള്ളത്. 

കുവൈത്ത് സിറ്റി: സിവിൽ കമ്മീഷന്റെ അനുമതിയില്ലാതെ  വിദേശികളായ സർക്കാർ ജീവനക്കാരുടെ തൊഴിൽ  കരാർ പുതുക്കി നൽകില്ലെന്ന് കുവൈത്ത്.  കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ  എൺപത്തിനായിരത്തിലധികം  വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി. സർക്കാർ ജീവനക്കാരിൽ പകുതിയിലേറെയും അറബ് പൗരന്മാരാണെന്നും കമ്മീഷൻ അറിയിച്ചു.

സർക്കാർ മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ കണക്കെടുത്തത്. സിവിൽ സർവീസ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു   81,817 വിദേശികളാണ് സർക്കാർ ജോലിക്കാരായുള്ളത് .   ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള 4,273 പേരുൾപ്പെടെ അമ്പതിനായിരത്തോളം ജീവനക്കാർ അറബ് പൗരന്മാരാണ് . അറബ് രാജ്യക്കാരിൽ ഈജിപ്ഷ്യൻ പൗരന്മാരാണ് കൂടുതൽ. 183 യൂറോപ്യന്‍ പൗരന്മാരും 27,708 ഏഷ്യക്കാരും  207 ആഫ്രിക്കക്കാരും  സർക്കാർ വകുപ്പുകളില്‍ ജോലി ചെയ്യുന്നുണ്ട്.

 ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും അടിസ്ഥാനമാക്കി വിശദ പഠനം നടത്തിയതിന് ശേഷമായിരിക്കും ഇവരുമായുള്ള കരാർ പുതുക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുക.  വിദേശികളുടെ തൊഴിൽ കരാറുകള്‍ സിവില്‍ സർവിസ് കമ്മീഷന്റെ അനുമതിക്ക് ശേഷം മാത്രമെ അംഗീകാരം നല്‍കുകയുള്ളു.  ഇവരുടെ ശമ്പള സ്കെയിൽ നിർണയവും  ആനുകൂല്യങ്ങളും സിവിൽ സർവിസ് കമീഷൻ നിശ്ചയിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജോലിയുടെ പ്രത്യേകതക്കനുസരിച്ചായിരക്കും  നിശ്ചയിക്കുകയെന്നും   അധികൃതർ വ്യക്തമാക്കി.

click me!