Latest Videos

പിരിച്ചുവിടാം, ശമ്പളം കുറയ്ക്കാം; പ്രവാസി തൊഴിലാളികള്‍ക്ക് തിരിച്ചടിയായി ഒമാൻ സര്‍ക്കാര്‍ ഉത്തരവ്

By Web TeamFirst Published Apr 16, 2020, 5:59 AM IST
Highlights
പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തെ ശമ്പളം കുറയ്ക്കാമെന്നും സുപ്രീകമ്മറ്റിയുടെ ഉത്തരവില്‍ പറയുന്നു.
അബുദാബി: കൊവിഡിന്‍റെ പശ്ചാതലത്തില്‍  ഒമാനില്‍ വിദേശികളെ പിരിച്ചുവിടാന്‍ അനുമതി നല്‍കി. പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തെ ശമ്പളം കുറയ്ക്കാമെന്നും സുപ്രീകമ്മറ്റിയുടെ ഉത്തരവില്‍ പറയുന്നു. അതേസമയം ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ടായിരം കടന്നു.

കൊവിഡ് 19 വ്യാപിക്കുന്നതിന് പിന്നാലെ ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് തിരിച്ചടിയായി  സര്‍ക്കാര്‍ ഉത്തരവ്. നിലവിലെ സാഹചര്യത്തില്‍ വിദേശ തൊഴിലാളികളെ പിരിച്ചുവിടാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കി. എന്നാല്‍, പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണം. കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തെ ശമ്പളം കുറയ്ക്കാം. ജോലി സമയത്തില്‍ കുറവ് വരുത്തി ആനുപാതികമായി ശമ്പളം കുറയ്ക്കുന്നതിനാണ് അനുമതി നല്‍കിയത്.

അടഞ്ഞുകിടക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി നല്‍കാം. ഇതുപ്രകാരം ഈ കാലയളവ് അവധിയായി പരിഗണിക്കാമെന്നും സുപ്രീം കമ്മറ്റി ഉത്തരവില്‍ പറയുന്നു.തീരുമാനം മലയാളികളടക്കമുള്ള വിദേശികളെ കാര്യമായി ബാധിക്കും.  

അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു സൗദിയില്‍ രോഗബാധിതരുടെ എണ്ണം 5,862ആയി. ആറുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മരണ സംഖ്യ 79 ആയി. യുഎഇയില്‍ 5365 രോഗബാധിതരാണുള്ളത് മരണം 33, ഖത്തറില്‍ 3711 പേരിലും,ബഹറൈന്‍ 1671, കുവൈത്ത് 1405, ഒമാന്‍ 910 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനെ ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,924ആയി. മരണം 133 ലെത്തി.
click me!