പുതിയ ജോലി വാഗ്ദാനം ലഭിച്ചപ്പോള്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ച് പെരുവഴിയിലായി; ഒടുവില്‍ രക്ഷയായത് യുഎഇ കോടതി

By Web TeamFirst Published Sep 9, 2020, 10:49 PM IST
Highlights

തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുകയും ജോലി തന്നെ നല്‍കാതിരിക്കുകയും ചെയ്‍ത സംഭവത്തില്‍ നഷ്‍ടപരിഹാരം നല്‍കാന്‍ നേരത്തെ കീഴ്‍കോടതി വിധിച്ചിരുന്നു. ഈ ഉത്തരവാണ് അപ്പീല്‍ കോടതിയും ശരിവെച്ചിരിക്കുന്നത്. 

അബുദാബി: മെച്ചപ്പെട്ട ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്‍ത് മറ്റൊരു സ്ഥാപനത്തില്‍ നിന്ന് രാജിവെപ്പിച്ച ശേഷം പിന്നീട് ജോലി ലഭിക്കാതിരുന്നയാള്‍ക്ക് നഷ്‍ടപരിഹാരം നല്‍കാന്‍ വിധി. ജോലി വാഗ്ദാനം ചെയ്‍ത സ്ഥാപനം 5,40,000 ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കണമെന്നാണ് അബുദാബി അപ്പീല്‍ കോടതിയുടെ ഉത്തരവ്. രണ്ട് വര്‍ഷത്തേക്കുള്ള തൊഴില്‍ കരാറുണ്ടാക്കിയ ശേഷമായിരുന്നു ജോലി നല്‍കാതെ സ്ഥാപനം പിന്മാറിയത്.

തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുകയും ജോലി തന്നെ നല്‍കാതിരിക്കുകയും ചെയ്‍ത സംഭവത്തില്‍ നഷ്‍ടപരിഹാരം നല്‍കാന്‍ നേരത്തെ കീഴ്‍കോടതി വിധിച്ചിരുന്നു. ഈ ഉത്തരവാണ് അപ്പീല്‍ കോടതിയും ശരിവെച്ചിരിക്കുന്നത്. പുതിയ ജോലി ലഭിക്കുമെന്ന വിശ്വാസത്തെ തുടര്‍ന്ന് നേരത്തെയുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചത് കാരണം പരാതിക്കാരന് വരുമാന നഷ്‍ടമുണ്ടായതായി കോടതി വിലയിരുത്തി.

ജോലി വാഗ്‍ദാനം ചെയ്‍ത് കബളിപ്പിച്ചത് വഴി തനിക്കുണ്ടായ സാമ്പത്തിക നഷ്‍ടത്തിനും മാനസിക പ്രയാസങ്ങള്‍ക്കും നഷ്‍ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. കമ്പനിയിലെ ബജറ്റ് പ്രിപ്പറേഷന്‍ ഡയറക്ടര്‍ എന്ന തസ്‍തികയിലേക്ക് രണ്ട് വര്‍ഷത്തേക്കാണ് ജോലി വാഗ്‍ദാനം ചെ‍യ്തിരുന്നത്. മാസം 90,000 ശമ്പളവും വാഗ്ദാനം ചെയ്‍തു. ഇതിന് പുറമെ തനിക്കും കുടുംബത്തിനും വിമാന ടിക്കറ്റുകളും ആരോഗ്യ ഇന്‍ഷുറന്‍സുമെല്ലാം കമ്പനിയുമായുള്ള കരാറില്‍ വാഗ്‍ദാനം ചെയ്‍തിരുന്നു.

നേരത്തെ പ്രതിമാസം 76,000 ദിര്‍ഹം ശമ്പളം ലഭിച്ചിരുന്ന ജോലി ഇതോടെ ഉപേക്ഷിച്ച് പുതിയ ജോലിക്കായി എത്തിയെങ്കിലും പുതിയ കമ്പനി വാക്കുപാലിച്ചില്ല. മാസങ്ങളോളം ജോലി നല്‍കാതെ വൈകിപ്പിച്ചു. പ്രത്യേകിച്ചൊരു കാരണവും ബാധ്യപ്പെടുത്തിയതുമില്ല. കരാര്‍ പ്രകാരം ജോലിയില്‍ പ്രവേശിക്കേണ്ട തീയ്യതി കഴിഞ്ഞും ജോലി നല്‍കാതായതോടെ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

click me!