ഹോട്ടല്‍ മുറിയില്‍ ജീവനക്കാരന്‍ ഒളിഞ്ഞു നോക്കി; ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി

By Web TeamFirst Published Feb 23, 2021, 9:46 PM IST
Highlights

മുറിയില്‍ ഭാര്യയോടൊപ്പം താമസിച്ചിരുന്ന അറബ് യുവാവാണ്, ശുചീകരണ തൊഴിലാളി ഒഴിഞ്ഞുനോക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. 

റാസല്‍ഖൈമ: ദമ്പതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ജീവനക്കാരന്‍ ഒളിഞ്ഞുനോക്കിയ സംഭവത്തില്‍ നഷ്‍ടപരിഹാരം നല്‍കാന്‍ കോടതി വിധി. സംഭവത്തില്‍ പരാതിക്കാരന് 20,000 ദിര്‍ഹം നഷ്ട‍പരിഹാരം നല്‍കണമെന്നാണ് റാസല്‍ഖൈമ അപ്പീല്‍ കോടതി വിധിച്ചത്. ഹോട്ടലിലെ ശുചീകരണ തൊഴിലാളിയാണ് ഒളിഞ്ഞുനോക്കുന്നതിനിടെ പിടിക്കപ്പെട്ടത്.

മുറിയില്‍ ഭാര്യയോടൊപ്പം താമസിച്ചിരുന്ന അറബ് യുവാവാണ്, ശുചീകരണ തൊഴിലാളി ഒഴിഞ്ഞുനോക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. വിചാരണയ്‍ക്കൊടുവില്‍ ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

 ജീവനക്കാരന് രണ്ട് മാസം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിന് പുറമെ തനിക്കും ഭാര്യക്കുമുണ്ടായ മാനസിക പ്രയാസത്തിന് നഷ്‍ടപരിഹാരം തേടി യുവാവ് റാസല്‍ഖൈമ സിവില്‍ കോടതിയെയും സമീപിച്ചു. തങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്താനാണ് കൂടുതല്‍ പണം ഹോട്ടലില്‍ നല്‍കിയതെന്നും ഇയാള്‍ പറഞ്ഞു. ഹോട്ടിലിലെ സ്വീറ്റ് റൂമിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. എന്നിട്ടും ഇത്തരമൊരു സാഹചര്യമുണ്ടാവുകയായിരുന്നുവെന്നും പരാതിക്കാരന്‍ കോടതിയെ ബോധ്യപ്പെടുത്തി.

ഈ കേസിലും പരാതിക്കാരന് അനുകൂലമായാണ് കോടതി വിധിച്ചത്. ശുചീകരണ തൊഴിലാളിയും ഹോട്ടല്‍ മാനേജ്മെന്റും ചേര്‍ന്ന് യുവാവിന് 50,000 ദിര്‍ഹം നഷ്ടപരിഹാരവും കോടതി ചെലവുകളും അഭിഭാഷകന്റെ ഫീസും നല്‍കണമെന്നും സിവില്‍ കോടതി ഉത്തരവിട്ടു.

ഇതിനെതിരെ മാനേജ്‍മെന്റ് അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ അറിവോടെയല്ല ജീവനക്കാരന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും അതുകൊണ്ടുതന്നെ ഹോട്ടല്‍ നഷ്‍ടപരിഹാരം നല്‍കണമെന്ന് പറയാനാവില്ലെന്നുമായിരുന്നു വാദം. 50,000 ദിര്‍ഹത്തിന് പകരം 5000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു ഹോട്ടല്‍ അധികൃതരുടെ വാദം. ഒപ്പം ഭാര്യയുടെയും മക്കളുടെയും പേരിലും തങ്ങള്‍ക്കെതിരെ യുവാവ് കേസ് കൊടുത്തിട്ടുണ്ടെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

ജീവനക്കാരന്‍ ഒളിഞ്ഞുനോക്കിയ സംഭവത്തിലും അയാള്‍ ചിത്രം പകര്‍ത്തിയിരിക്കാമെന്ന ആശങ്കയ്‍ക്കും അടിസ്ഥാനമുണ്ടെന്നും അതുണ്ടാക്കിയ മാനസിക പ്രയാസം വലുതാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നഷ്ടപരിഹാര തുക 50,000 ദിര്‍ഹത്തില്‍ നിന്ന് 20,000 ദിര്‍ഹമാക്കി കുറയ്‍ക്കുകയായിരുന്നു.

click me!