ഖത്തറില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി നിബന്ധനകളോടെ അംഗീകാരം

By Web TeamFirst Published Oct 4, 2021, 7:20 PM IST
Highlights

സ്പുട്‌നിക്, സിനോവാക്, സിനോഫാം വാക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചതിന് പുറമെ ഖത്തര്‍ അംഗീകരിച്ച ഫൈസര്‍, മൊഡേണ വാക്‌സിനുകളുടെ ഒരു ഡോസ് കൂടി സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിവരാണെങ്കില്‍ ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടതില്ല.

ദോഹ: രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക്(covid vaccine) കൂടി നിബന്ധനകളോടെ അംഗീകാരം നല്‍കി ഖത്തര്‍(Qatar). സ്പുട്‌നിക്(Sputnik), സിനോവാക്(Sinovac) വാക്‌സിനുകള്‍ക്കാണ് പുതിയതായി നിബന്ധനകളോടെ അംഗീകാരം നല്‍കിയത്.

ഇതുവരെ സിനോഫാം വാക്‌സിന് മാത്രമായിരുന്നു നിബന്ധനകളോടെ അംഗീകാരം നല്‍കിയത്. ഈ പട്ടികയിലെ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ ഖത്തറിലേക്കുള്ള യാത്രയ്ക്ക് മുമ്പ് സെറോളജി ആന്റിബോഡി ടെസ്റ്റ് നടത്തി പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണം. സ്പുട്‌നിക്, സിനോവാക്, സിനോഫാം വാക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചതിന് പുറമെ ഖത്തര്‍ അംഗീകരിച്ച ഫൈസര്‍, മൊഡേണ വാക്‌സിനുകളുടെ ഒരു ഡോസ് കൂടി സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിവരാണെങ്കില്‍ ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടതില്ല. ഫൈസര്‍, മൊഡേണ, ആസ്ട്രസെനക(കോവിഷീല്‍ഡ്/ ഓക്‌സ്ഫഡ്/ വാക്‌സെറിയ), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കൊവിഡ് വാക്‌സിനുകളാണ് നിബന്ധനകള്‍ ഇല്ലാതെ ഖത്തര്‍ അംഗീകരിച്ചിട്ടുള്ളത്. 

അതേസമയം ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുമതി നല്‍കി. ഇതനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാത്ത 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം ഖത്തറിലെത്താം. ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തുന്ന 11 വയസ്സോ അതില്‍ താഴെയോ ഉള്ള കുട്ടികള്‍ക്കും പ്രവേശിക്കാം. 

12 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ വിസിറ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. സന്ദര്‍ശക വിസയിലെത്തുന്ന, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ രണ്ടു ദിവസം മാത്രമാകും ക്വാറന്റീന്‍. പുതുക്കിയ ഇളവുകള്‍ ഒക്ടോബര്‍ ആറിന് പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പ്രാബല്യത്തില്‍ വരും. 

click me!