
മനാമ: ഡി സി ബുക്സുമായി സഹകരിച്ച് ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ ദീപ നിശാന്തും എസ് ഹരീഷും പങ്കെടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം. കവിതാ മോഷണത്തിന്റെ പശ്ചാത്തലത്തില്‍ ദീപ നിശാന്തിനെ പങ്കെടുപ്പിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ മീശ നോവലിന്റെ പേരില്‍ എസ് ഹരീഷിനെയും വിലക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.
ഈ മാസം 12 മുതല്‍ 22 വരെയാണ് ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പുസ്തക മേളയും സാംസ്കാരികോത്സവവും സംഘടിപ്പിച്ചിരിക്കുന്നത്. വിഷിഷ്ടാതിഥികളായി പ്രമുഖര്‍ക്കൊപ്പം ദീപാ നിശാന്തിനെയും എസ് ഹരീഷിനെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ദീപയെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നാണ് ഒരു വിഭാഗം ആവശ്യമുയര്‍ത്തുത്. ദീപ ചെയ്ത കുറ്റം സംശയാതീതമായി തെളിയുകയും മാപ്പ് ചോദിക്കുകയും ചെയ്തെന്നിരിക്കെ സാംസ്കാരികോത്സവത്തിലേക്ക് കൊണ്ടുവന്ന് അനാവശ്യ ചേരിതിരിവ് ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് ബഹ്റൈനിലെ മലയാളികള്‍ക്കിടയില്‍ സജീവമായ ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം മീശ നോവലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എസ് ഹരീഷിനെതിരെയും മറ്റൊരു വിഭാഗം രംഗത്തുണ്ട്. ഹരീഷിനെതിരെ നിവേദനങ്ങളും പരാതികളുമായി അധികൃതരെ സമീപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കേരളത്തിലുണ്ടായ വിവാദങ്ങള്‍ അധികൃതരെ അറിയിച്ച് ഹരീഷിന്റെ യാത്ര മുടക്കുകയാണ് ലക്ഷ്യം. അധികൃതരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പ്രവാസികള്‍ നടത്തുന്ന സാംസ്കാരിക പരിപാടികളെയാകെ ബാധിക്കുമെന്ന ഭയവും ഇതിനിടയില്‍ ചിലര്‍ പങ്കുവെയ്ക്കുന്നു. പരസ്പരമുള്ള ഭിന്നതകള്‍ അധികൃതരുടെ അടുത്ത് പരാതികളായി എത്തുന്നത് ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്കുള്ള അനുമതി ഇല്ലാതാകുന്നതിലായിരിക്കും കലാശിക്കുന്നതെന്നാണ് ഇവരുടെ വാദം. നേരത്തെ മീശ നോവലിനെക്കുറിച്ചും ശബരിമല വിഷയത്തെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും കത്‍വ കൊലപാതകത്തിനെതിരെ പദ്ധതിയിട്ടിരുന്ന പ്രതിഷേധവും ഇത്തരത്തില്‍ ചിലര്‍ മുടക്കിയ അനുഭവവും എടുത്തുപറയുന്നു. എംബസിയിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും പരാതി കൊടുത്താണ് പരിപാടികള്‍ മുടക്കുന്നത്.
എന്നാല്‍ പുസ്തക മേളയില്‍ അതിഥികളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം ഭാരവാഹികൾക്ക് തുറന്ന സമീപനമാണെന്ന് സംഘാടകരുടെ അഭിപ്രായം. ഏത് ആശയങ്ങളെ പ്രതിനിധികരിക്കുന്നവർക്കും പങ്കെടുക്കാനും അവരുടെ ഭാഗം പറയാനും കേൾക്കാനും അവസരമുണ്ടാവണം എന്നതാണ് നിലപാടെന്നും സംഘാടകര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam