കൊറോണ വൈറസ്: ഇറാന്‍ യാത്രക്ക് വിലക്ക് പ്രഖ്യാപിച്ച് സൗദി, ലംഘിച്ചാല്‍ ശിക്ഷാ നടപടി

By Web TeamFirst Published Feb 24, 2020, 6:45 AM IST
Highlights

രോഗബാധയേറ്റാൽ സ്ഥിരീകരിക്കാനുള്ള പരമാവധി സമയപരിധി കഴിയാതെ നേരത്തെ ഇറാൻ സന്ദർശിച്ച മറ്റ് രാജ്യക്കാർ സൗദിയിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇതുപ്രകാരം ഇറാൻ സന്ദർശിച്ചു പതിനാല് ദിവസം കഴിയാതെ മറ്റു രാജ്യക്കാരെ സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

റിയാദ്: കൊറോണ വൈറസ് ബാധയെ തുടർന്ന് സൗദി, ഇറാൻ യാത്രയ്ക്ക് വിലക്കേർപ്പെടുത്തി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇറാൻ യാത്രക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് വിശദീകരണം. രോഗബാധയേറ്റാൽ സ്ഥിരീകരിക്കാനുള്ള പരമാവധി സമയപരിധി കഴിയാതെ നേരത്തെ ഇറാൻ സന്ദർശിച്ച മറ്റ് രാജ്യക്കാർ സൗദിയിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇതുപ്രകാരം ഇറാൻ സന്ദർശിച്ചു പതിനാല് ദിവസം കഴിയാതെ മറ്റു രാജ്യക്കാരെ സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

വിലക്ക് ലംഘിച്ചു ഇറാൻ സന്ദർശിക്കുന്ന സൗദി പൗരന്മാർക്കെതിരെ പാസ്‌പോർട്ട് നിയമം അനുസരിച്ചു ശിക്ഷാ നടപടികൾ സ്വീകരിക്കും. എന്നാൽ വിലക്ക് ലംഘിക്കുന്ന വിദേശികളെ സൗദിയിലേക്ക് തിരിച്ചു വരാൻ അനുവദിക്കില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ ഇറാൻ സന്ദർശിച്ചിട്ടുണ്ടെങ്കിൽ അത് വിമാനത്താവളങ്ങളിലെയും രാജ്യത്തിൻറെ പ്രവേശന കവാടങ്ങളിലെയും ഉദ്യോഗസ്ഥരോട് കർശനമായും വെളിപ്പെടുത്തണമെന്നാണ് വ്യവസ്ഥ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വദേശികളും സൗദിയിലുള്ള വിദേശികളും ചൈന സന്ദർശിക്കുന്നതിനും നേരത്തെ ജവാസാത് വിലക്കേർപ്പെടുത്തിയിരുന്നു.

click me!