ദുബായില്‍ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരനെ ചികിത്സിക്കാന്‍ ഉത്തരവ്

By Web TeamFirst Published Nov 1, 2018, 3:59 PM IST
Highlights

അമിത വേഗത്തില്‍ ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ തന്റെയും റോഡിലെ മറ്റുള്ളവര്‍ക്കും ഭീഷണിയാണെന്നായിരുന്നു ഇയാളുടെ വാദം. തന്റെ കാറില്‍ നിന്നിറങ്ങി മൂന്ന് ഡ്രൈവര്‍മാരെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കോടതി രേഖകള്‍.

ദുബായ്: ബസ് ഡ്രൈവര്‍മാരെ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരനെ മാനസിക രോഗ ചികിത്സാ കേന്ദ്രത്തില്‍ അയച്ച് ചികിത്സ നല്‍കാന്‍ ഉത്തരവ്. അമിത വേഗത്തില്‍ വാഹനം ഓടിച്ചുവെന്നാരോപിച്ചായിരുന്നു ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന 35 വയസുകാരന്‍ ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തിയത്. മകളുടെ കളിത്തോക്ക് ഉപയോഗിച്ചായിരുന്നു ഭീഷണി. 

അമിത വേഗത്തില്‍ ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ തന്റെയും റോഡിലെ മറ്റുള്ളവര്‍ക്കും ഭീഷണിയാണെന്നായിരുന്നു ഇയാളുടെ വാദം. തന്റെ കാറില്‍ നിന്നിറങ്ങി മൂന്ന് ഡ്രൈവര്‍മാരെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കോടതി രേഖകള്‍. പരിഭ്രാന്തരായ ഡ്രൈവര്‍മാര്‍ റോഡിലുണ്ടായിരുന്ന പൊലീസ് സംഘത്തോട് പരാതിപ്പെടുകയായിരുന്നു. 

ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ ഡ്രൈവറുടെ വശത്തുള്ള വിന്‍ഡോയ്ക്ക് സമീപം ചെന്നശേഷം ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ടു. ശേഷം കളിത്തോക്ക് ചൂണ്ടുകയും വേഗത കുറച്ച് ഓടിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടതനുസരിച്ച് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ക്രിമനല്‍ ഭീഷണിക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

click me!