
കൊച്ചി: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നീണ്ട കാത്തിരിപ്പിനൊടുവില്‍ ജന്‍മനാട്ടില്‍ മടങ്ങിയെത്തിയ 363 പ്രവാസികള്‍ വീടുകളിലും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലും കരുതലില്‍. 'വന്ദേഭാരത്' ദൗത്യത്തിന്‍റെ ആദ്യദിനം രണ്ട് വിമാനങ്ങളിലായാണ് ഇത്രയും പ്രവാസികള്‍ കേരളത്തിലെത്തിയത്. നെടുമ്പാശേരിയില്‍ എത്തിയ 5 പേരെയും കരിപ്പൂരില്‍ നിന്ന് 3 പേരെയും കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം എന്നാണ് നിര്‍ദേശം.
നെടുമ്പാശേരിയില്‍ 10.08ന് വിമാനമിറങ്ങിയപ്പോള്‍ കരിപ്പൂരില്‍ 10.32ന് വിമാനമെത്തി. അബുദാബി- കൊച്ചി വിമാനത്തില്‍ 181 യാത്രക്കാരാണുണ്ടായിരുന്നത്. യാത്രക്കാരില്‍ നാല് കുട്ടികളും 49 ഗര്‍ഭിണികളും. ദുബായ്- കരിപ്പൂര്‍ വിമാനത്തില്‍ 177 യാത്രക്കാരും അഞ്ച് കുട്ടികളുമുണ്ടായിരുന്നു.
വിമാനത്താവളങ്ങളില്‍ കര്‍ശന നടപടിക്രമങ്ങള്‍
കൊവിഡ് പ്രോട്ടോക്കോളും സുരക്ഷാ മുന്‍കരുതലുകളും പാലിച്ചാണ് യാത്രക്കാരെ ഇറക്കിയത്. വിമാനത്താവളത്തില്‍ എല്ലാവരെയും സ്ക്രീനിംഗിന് വിധേയരാക്കി. കൊച്ചിയില്‍ 30 പേരുടെ ബാച്ചായാണ് പരിശോധന നടത്തിയത്. അതേസമയം, കരിപ്പൂരില്‍ 20 പേര്‍ വീതമുള്ള ബാച്ചുകളായിരുന്നു ക്രമീകരണങ്ങള്‍. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നല്‍കി. ബാഗുകളും ലഗേജുകളുമെല്ലാം അണുമുക്തമാക്കി.
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 12 മണിയോടെ പ്രവാസികളുടെ ആദ്യ സംഘം നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 12.15ഓടെയും യാത്രക്കാര്‍ പുറത്തിറങ്ങി. എന്നാല്‍ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി എല്ലാ പ്രവാസികളും യാത്രയാവന്‍ വീണ്ടും ഒരു മണിക്കൂറിലധികം സമയമെടുത്തു.
ഗര്‍ഭിണികളും കുട്ടികളും വീടുകളില്‍
ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലാണ് നിരീക്ഷണം. ഇവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വിശദമായി ബോധ്യപ്പെടുത്തിയ ശേഷമാണ് വീടുകളിലേക്ക് വിട്ടത്. എറണാകുളത്ത് എസ്.സി.എം.എസ് ഹോസ്റ്റലും കോഴിക്കോട് എന്‍ഐടി എംബിഎ ഹോസ്റ്റലുമാണ് മറ്റ് പ്രവാസികള്‍ക്കുള്ള കൊവിഡ് കെയര്‍ കേന്ദ്രങ്ങള്‍. പ്രവാസികളെ കൊവിഡ് കെയര്‍ കേന്ദ്രം വരെ പൊലീസ് അനുഗമിച്ചു. സാമൂഹിക അകലം ഉറപ്പുവരുത്തി ഒരു ബസില്‍ 20 പേരെ മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിച്ചത്.
കെഎസ്ആര്‍ടിസി ബസുകള്‍, ടാക്‌സി കാറുകള്‍, ആംബുലന്‍സുകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് വിമാനത്താവളങ്ങള്‍ക്ക് പുറത്ത് തയ്യാറാക്കിയിരുന്നത്. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ