പ്രവാസികൾക്ക് സ്വാഗതം; അബുദാബി, ദുബായ് വിമാനങ്ങൾ പുറപ്പെട്ടു - വീഡിയോ

By Web TeamFirst Published May 7, 2020, 6:51 PM IST
Highlights

വന്ദേമാതരം എന്ന് മുദ്രാവാക്യമുയർത്തിയാണ് ഇന്ത്യയിൽ നിന്ന് എയ‍ർ ഇന്ത്യ ജീവനക്കാർ ലോകത്തെ ഏറ്റവും വലിയ പ്രവാസികളുടെ മടക്കത്തിന് തുടക്കം കുറിച്ച് യാത്ര തുടങ്ങിയത്. എത്തി ഒരു മണിക്കൂറിനകം തിരികെ വരുന്ന നിലയിലാണ് ഫ്ലൈറ്റ് സമയം ക്രമീകരിച്ചിരുന്നത്. 

അബുദാബി: കേരളത്തിലേക്ക് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ പുറപ്പെട്ടു. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട ആദ്യവിമാനം ഇന്ത്യൻ സമയം അഞ്ച് മണിയോടെയാണ് അബുദാബിയിലെത്തിയത്. പ്രതീക്ഷിച്ചതിനും 20 മിനിറ്റ് മുമ്പേ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡ് ചെയ്തു. ആളുകളെ കൃത്യമായ മാനദണ്ഡങ്ങളോടെ കയറ്റി. അബുദാബിയിലും ദുബായിലുമായി ഇതുവരെ പരിശോധന നടത്തിയ ആർക്കും കൊവിഡ് ലക്ഷണങ്ങളില്ല. രണ്ട് വിമാനങ്ങളിലുമായി 354 പേരാണ് വരുന്നത്. അബുദാബി ഫ്ലൈറ്റ് 10.17-നാകും കൊച്ചിയിൽ ലാൻഡ് ചെയ്യുക എന്നാണ് ഏറ്റവും പുതിയ വിവരം.

ദുബായ് കോഴിക്കോട് വിമാനത്തിൽ 177 യാത്രക്കാരും 5 കുട്ടികളുമാണുള്ളത്. അബുദാബി കൊച്ചി വിമാനത്തിൽ 177 യാത്രക്കാരും നാല് കുട്ടികളുമുണ്ട്. 

begins!

The first flight with 177 passengers takes off from Abu Dhabi to Kochi will continue with its tireless efforts to bring Indians home

— Anurag Srivastava (@MEAIndia)

രണ്ട് വിമാനങ്ങളിലുമായി 177 പേർ വീതമാണുള്ളത്. ദുബായ് കോൺസുൽ ജനറൽ വിപുൽ നേരിട്ടെത്തി ദുബായിൽ നിന്നുള്ള യാത്രക്കാരെ യാത്രയാക്കി. ഗ്ലൗസുകളും മാസ്കും അടക്കം എല്ലാ ക്രമീകരണങ്ങളും നൽകിയാണ് ഇവരെ വിമാനത്തിലേക്ക് കയറ്റിയത്.  

Facilities for Covid test at Dubai airport. Bharat Mission begins

— Prasanth Reghuvamsom (@reghuvamsom)

ശാരീരികപ്രശ്നം ആർക്കെങ്കിലും അനുഭവപ്പെട്ടാൽ അവർക്കായി പ്രത്യേക ചികിത്സ നൽകാൻ അവസാനത്തെ രണ്ട് നിരകൾ ഒഴിവാക്കിയിട്ടിട്ടുണ്ട്. സാമൂഹ്യാകലം നിലവിൽ ഈ വിമാനങ്ങളിൽ പാലിക്കാനായിട്ടില്ല. അതിൽ ചില പ്രവാസികൾക്കെങ്കിലും അതൃപ്തിയുമുണ്ട്. പക്ഷേ കൃത്യമായ പരിശോധന നടത്തുന്നതിനാൽ തൽക്കാലം ആശങ്കപ്പെടേണ്ടതില്ലെന്ന് ദുബായ് കോൺസുൽ ജനറൽ അധികൃതർ പറഞ്ഞു.

വിസാ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ, രോഗികൾ, അവരുടെ ബന്ധുക്കൾ, ജോലി നഷ്ടമായവർ എന്നിവരെയാണ് ആദ്യഘട്ടത്തിൽ തിരികെ കൊണ്ടുവരുന്നത്. ''മിനിഞ്ഞാന്നാണ് എനിക്ക് മടങ്ങാമെന്ന മെയിൽ കിട്ടുന്നത്. എന്നാൽ ഇന്നലെ വൈകിട്ട് ഒരു നാലരയോടെയാണ് കുടുംബത്തിന് മുഴുവൻ മടങ്ങാമെന്ന ഇ - മെയിൽ കിട്ടുന്നത്. ഒരുവിധം ഓടിപ്പിടിച്ചാണ് ലഗ്ഗേജെല്ലാം തയ്യാറാക്കി എത്തിയത്'', മടങ്ങുന്ന പ്രവാസികളിൽ ഒരാൾ പറയുന്നു. 

ഗർഭിണികളും ഈ സംഘത്തിലുണ്ട്. ''ഗർഭാവസ്ഥയിൽ കുറച്ച് കോംപ്ലിക്കേഷൻസുണ്ടായിരുന്നു. അതിനാൽ നാട്ടിലേക്ക് പോയേ മതിയാകൂവായിരുന്നു. അതിനാലാണ് നാട്ടിലേക്ക് വരാൻ അപേക്ഷിച്ചത്'', എന്ന് ഒരു യുവതി.

നാടാണ് സുരക്ഷിതമെന്ന് കരുതി വൃദ്ധരായ അച്ഛനമ്മമാരെ തിരികെ വിടുന്നവരുമുണ്ട്. ''അച്ഛനുമമ്മയും ഇവിടെ കുറച്ച് കാലമായി ഞങ്ങൾക്കൊപ്പമുണ്ട്. ഇവിടെ സുരക്ഷിതമാണെങ്കിലും നാടാണ് കൂടുതൽ സുരക്ഷിതമെന്നും, കേരളത്തിൽ പേടിക്കാനൊന്നുമില്ലെന്ന് ഉറപ്പാണല്ലോ. അതുകൊണ്ട് അച്ഛനെയും അമ്മയെയും അങ്ങോട്ട് വിടുന്നു''. എന്ന് മറ്റൊരു പ്രവാസി.

മടങ്ങിയെത്തുന്ന പ്രവാസികൾക്കായി കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് ഉള്ളത്. തിരികെ പ്രവാസികളെ എത്തിക്കുന്ന മിഷനിൽ പങ്കെടുക്കാനായതിൽ അഭിമാനമുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ പറഞ്ഞു. ''നമ്മുടെ പ്രവാസി സഹോദരങ്ങളെ സുരക്ഷിതരായി തിരികെ എത്തിക്കും'', എന്ന് ജീവനക്കാർ.

പിപിഇ കിറ്റുകൾ ധരിച്ച് മാസ്കുകൾ ധരിച്ച ഇവരുടെ പേര് കിറ്റിന്‍റെ മുകളിൽ എഴുതിയിട്ടുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും പറയാമെന്നും, എല്ലാ സേവനങ്ങളും ചെയ്ത് തരുമെന്നും കൃത്യമായി യാത്രക്കാരെ ബോധവൽക്കരിച്ചാണ് വിമാനങ്ങൾ പുറപ്പെട്ടത്.

ഒരുങ്ങി വിമാനത്താവളങ്ങൾ

വിപുലമായ നിരീക്ഷണ സംവിധാനങ്ങളുമായി കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ പ്രവാസി മലയാളികള്‍ക്കായി കാത്തിരിക്കുകയാണ്. വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് ഉച്ചയോടെയാണ് അബുദാബിയിലേക്ക് പുറപ്പെട്ടത്. 

ദുബൈയില്‍നിന്ന് പ്രാദേശിക സമയം 5.10നാണ് കരിപ്പൂരിലേക്കുള്ള വിമാനം. ഇതിലുള്ളത് 189 പേര്‍. മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലുള്ളവരാണ് കൂടുതലും. 30 പേര്‍ വീതമുള്ള ബാച്ചുകളായാണ് യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കുക. ടെര്‍മിനലിലേക്ക് കയറും മുമ്പേ താപനില പരിശോധിക്കും. വാതിലിൽ ഘടിപ്പിച്ചിരിക്കുന്ന തെർമൽ ടെംപറേച്ചർ സ്കാനിംഗ് സിസ്റ്റം വഴിയാണ് യാത്രക്കാരുടെ താപനില പരിശോധിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് യാത്രക്കാരുമായി അടുത്ത് ഇടപഴകാതെ താപനില പരിശോധിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് മാറ്റും. ശേഷിക്കുന്നവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും. ബാഗേജുകള്‍ സോഡിയം ഹൈപ്പോക്രോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കും.

കര്‍ശന നിയന്ത്രണങ്ങളാണ് കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും. ജനപ്രതിനിധികള്‍ക്ക് പോലും പ്രവേശനമില്ല. ഓരോ സര്‍വ്വീസും പൂര്‍ത്തിയാക്കിയശേഷം ടെര്‍മിനല്‍ അണുവിമുക്തമാക്കും. രാജ്യം കാത്തിരിക്കുന്ന ദൗത്യത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും. വിമാന ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു.

കരിപ്പൂരിലും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി വിമാനത്താവള അധികൃതർ അറിയിച്ചു. ആകെ 183 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രണ്ട് എസ്പിമാർ, നാല് ഡിവൈഎസ്പിമാർ, 1006 പോലീസ് ഉദ്യോഗസ്ഥർ എന്നിവർ വിമാനത്താവളത്തിനകത്ത്  സുരക്ഷാ സംവിധാനത്തിന്‍റെ ഭാഗമായി ഉണ്ട്. കൊവിഡ് കെയർ സെന്‍റർ വരെ യാത്രക്കാരുടെ കൂടെ പൊലീസ് അനുഗമിക്കും. വിമാനത്താവളത്തിലേക്ക് 7:30 മണിക്ക് ശേഷം മറ്റാർക്കും പ്രവേശനമില്ല. വിമാനം എത്തി രണ്ട് മണിക്കൂറിനകം പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ

ആകെ പത്ത് കൗണ്ടറുകളാണ് വിമാനത്താവളത്തിലുള്ളത്. ഓരോ കൗണ്ടറിലും രണ്ടാളെ വീതം പരിശോധിക്കും. ഇരുപതു യാത്രക്കാരെ വീതമായി സംഘങ്ങളായാണ് പുറത്തിറക്കുക. ഇവരുടെ പരിശോധന പൂർത്തിയായാൽ മാത്രമേ അടുത്ത ടീമിനെ പുറത്തിറക്കൂ. 

click me!