കൊവിഡ്: യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു, ഗൾഫിൽ മാത്രം നമുക്ക് നഷ്ടമായത് 44 ജീവനുകൾ

By Web TeamFirst Published May 4, 2020, 8:03 AM IST
Highlights

ഇരുപത്തിനാലു മണിക്കൂറിനിടെ നാലു മലയാളികളാണ് യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 44 ആയി. എന്ന് പ്രവാസികളെ തിരിച്ചു കൊണ്ടുവരാനാകും? 

മലപ്പുറം: യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരൂർ താനൂർ സ്വദേശി കമാലുദീൻ കുളത്തുവട്ടിലാണ് മരിച്ചത്. അൻപത്തിരണ്ടു വയസ്സായിരുന്നു. ദുബായ് അൽ ബറാഹ ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് അന്ത്യം. ഷാർജ കെ.എം.സി.സിയുടെയും യുഎഇ സുന്നി സെന്‍ററിന്‍റെയും സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ വൈകുന്നേരമാണ് മരണം സ്ഥിരീകരിച്ചത്. 

ഇരുപത്തിനാലു മണിക്കൂറിനിടെ നാലു മലയാളികളാണ് യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 44 ആയി. 

ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴും എന്ന് പ്രവാസികളെ തിരിച്ചുകൊണ്ടുവരാനാകും എന്നതിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്നലെ ക്യാബിനറ്റ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചിരുന്നെങ്കിലും പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ചർച്ച നടത്തിയതല്ലാതെ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. 4.13 ലക്ഷം പേരാണ് ഇതുവരെ വിദേശത്ത് നിന്ന് തിരികെ വരാനായി നോർക്കയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

 ‍‍Read more at: പ്രവാസികളുടെ മടക്കം; നോർക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 4.13ലക്ഷം പേര്‍

കമാലുദ്ദീന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. അടുത്ത ബന്ധുക്കളുടെ അനുമതിയോടെ ദുബൈയിൽ തന്നെ മൃതദേഹം ഖബറടക്കും. ഭാര്യ: സലീന, മക്കൾ: സൽവ മുഹ്‌സിന(ഒമാൻ), സൈനുദ്ധീൻ, സൈനുൽ ആബിദീൻ, ഫാത്തിമ സഹ്‌റ. മരുമകൻ: മേടമ്മൽ മുഹമ്മദ് സഹീർ(ഒമാൻ). സഹോദരങ്ങൾ: മൂസക്കുട്ടി ഹാജി, മുഹമ്മദ്, അബ്ദുൽ കരീം, ആസിയ, മൈമൂന, ഖദീജ, പരേതനായ മുഹമ്മദലി ഹാജി.

click me!