ദോഹ - തിരുവനന്തപുരം വിമാനം അവസാന നിമിഷം റദ്ദാക്കി, പകരം സർവീസ് ചൊവ്വാഴ്ച

By Web TeamFirst Published May 10, 2020, 5:49 PM IST
Highlights

യാത്രക്കാരിൽ ചിലർക്ക് ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയില്ലെന്നാണ് സൂചന. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എംബസിക്ക് കഴിഞ്ഞില്ലെന്നാണ് സംസ്ഥാനസർക്കാരിന് ലഭിച്ചിരിക്കുന്ന വിവരം. ആരെയും കുറ്റപ്പെടുത്താനില്ലെന്നും മന്ത്രി കടകംപള്ളി.

തിരുവനന്തപുരം: റദ്ദാക്കിയ ദോഹ - തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച സർവീസ് നടത്തുമെന്ന് സൂചന. ഇന്ന് യാത്ര ചെയ്യേണ്ടിയിരുന്ന 181 യാത്രക്കാരിൽ ചിലർക്ക് ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന്‍റെ യാത്രാനുമതി ലഭിച്ചില്ലെന്നാണ് സംസ്ഥാനസർക്കാരിന് കിട്ടിയിരിക്കുന്ന വിവരം. അതിന് പകരം സംവിധാനം ഒരുക്കാൻ എംബസിക്ക് കഴിഞ്ഞില്ലെന്നാണ് അധികൃതരിൽ നിന്ന് വിവരം ലഭിക്കുന്നത്. അതിനാലാണ് വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി ലഭിക്കാതിരുന്നത്. എല്ലാ ഒരുക്കങ്ങളും തിരുവനന്തപുരത്ത് സജ്ജമാണെന്നും, ആരെയും കുറ്റപ്പെടുത്താനില്ലെന്നും തിരുവനന്തപുരത്തിന്‍റെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം, ജില്ലാ ഭരണകൂടത്തിനോടോ സംസ്ഥാനസർക്കാരിനോടോ ഇതുവരെ ഔദ്യോഗികമായി വിമാനം റദ്ദാക്കിയതിന്‍റെ കാരണം എയർ ഇന്ത്യയോ കേന്ദ്രസർക്കാരോ ഏവിയേഷൻ മന്ത്രാലയമോ അറിയിച്ചിട്ടില്ല. വിമാനം റദ്ദായ വിവരം എംബസി അധികൃതർ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാരും പരാതിപ്പെടുന്നുവെന്ന് ഞങ്ങളുടെ ദുബായ് ബ്യൂറോയും റിപ്പോർട്ട് ചെയ്യുന്നു. ഗർഭിണികളും കുട്ടികളും രോഗികളുമടക്കം 181 യാത്രക്കാരാണ് ഇന്ന് തിരികെ വരാനിരുന്നത്. യാത്രാരേഖകളിലെ ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് ചൊവ്വാഴ്ച തന്നെ ഈ സർവീസ് നടത്താനാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ദോഹയിലെത്തി തിരികെ യാത്രക്കാരെ തിരുവനന്തപുരത്തേക്ക് എത്തിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് IX 373 ആണ് റദ്ദാക്കിയത്. ഉച്ചയ്ക്ക് 1 മണിക്ക് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. ദോഹയിൽ നിന്ന് വരേണ്ടിയിരുന്ന രണ്ടാം വിമാനമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്നതായിരുന്നു. 

96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷൻമാരുമാണ് വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നത്. തിരുവനന്തപുരത്തേക്ക് 48 പേർ, കൊല്ലത്ത് നിന്ന് 46 പേർ, പത്തനംതിട്ടയിൽ നിന്ന് 24 പേർ അങ്ങനെ ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോട് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവ‍രുണ്ടായിരുന്നു. ഇതിൽ 15 പേ‍‍ർ ഗർഭിണികളായിരുന്നു. അറുപത് വയസ്സിന് മുകളിലുള്ള 25 പേരും ഉണ്ടായിരുന്നു. ഒപ്പം തമിഴ്നാട്ടിൽ നിന്ന് 19 പേരും, മെഡിക്കൽ ആവശ്യങ്ങൾക്കായി എത്തേണ്ടിയിരുന്ന കർണാടകത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഓരോരുത്തരും ഉണ്ടായിരുന്നു. അടിയന്തരമായി എത്തിക്കേണ്ടിയിരുന്നവരുടെ പട്ടികയിൽ നിന്ന് തന്നെയാണ് ഇവരെയെല്ലാവരെയും തെരഞ്ഞെടുത്തത്. ഇവരെല്ലാവരും യാത്രയ്ക്ക് തയ്യാറായി നാല് മണിക്കൂർ മുന്നേ തന്നെ വിമാനത്താവളത്തിൽ എത്തുകയും ചെയ്തിരുന്നതാണ്.

മടങ്ങിയെത്തുന്നവർക്കായി തിരുവനന്തപുരത്ത് എല്ലാ സൗകര്യങ്ങളും സജ്ജമായിരുന്നു. ക്വാറന്‍റീൻ സൗകര്യങ്ങളടക്കം തയ്യാറായിരുന്നു. ദോഹ വിമാനത്താവളത്തിൽ ദ്രുതപരിശോധന ഉണ്ടാവില്ല എന്നതിനാൽ തിരുവനന്തപുരത്ത് ഇവരെയെല്ലാവരെയും പരിശോധിക്കാനും സൗകര്യങ്ങൾ തയ്യാറാക്കുകയും മോക്ക് ഡ്രിൽ നടത്തുകയും ചെയ്തതാണ്.

എപ്പോൾ പ്രവാസികൾ തിരികെ വന്നാലും സജ്ജീകരണങ്ങൾ തയ്യാറാണെന്നും, പ്രവാസികൾക്കായി മാത്രം 17,000 കിടക്കകൾ തയ്യാറാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനും വ്യക്തമാക്കി.

click me!