ഒമാനിലെ കൊവിഡ് പ്രഭവകേന്ദ്രം 'മത്രാ' പ്രവിശ്യയെന്ന് സ്ഥിരീകരണം

By Web TeamFirst Published Apr 3, 2020, 12:34 AM IST
Highlights

 രാജ്യത്ത് 231 പേരിലാണ് കൊവിഡ് 19 ബാധ പിടിപെട്ടിരിക്കുന്നത്. അതില്‍ 47 രോഗികളുടെ നില ഗുരുതരമാണെന്നും 57 പേര്‍ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി

മസ്‌ക്കറ്റ്:  ഒമാനിലെ കൊവിഡ് 19ന്റെ പ്രഭവകേന്ദ്രം 'മത്രാ' പ്രവിശ്യയെന്നു ഒമാന്‍ സുപ്രിം കമ്മിറ്റി. വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യമാണെങ്കില്‍ മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ മറ്റു പ്രവിശ്യകളും അടച്ചിടുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മൊഹമ്മദ് അല്‍ സൈദി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്ത് 231 പേരിലാണ് കൊവിഡ് 19 ബാധ പിടിപെട്ടിരിക്കുന്നത്.

അതില്‍ 47 രോഗികളുടെ നില ഗുരുതരമാണെന്നും 57 പേര്‍ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കൊറോണ വൈറസ് ബാധിതരില്‍ 53 ശതമാനവും പുരുഷന്മാരാണ്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന യാത്രാ വിലക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇന്നലെ രാവിലെ മുതല്‍ റൂവി, ഹാമാരിയ, വാദികബീര്‍, ദാര്‍സൈത്, അല്‍ ബുസ്താന്‍ എന്നിവടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചെക്ക് പോയിന്റുകളില്‍ സായുധ സേന സൂക്ഷ്മ പരിശോധനകള്‍ ആരംഭിച്ചു കഴിഞ്ഞു.

ജോലിക്കായി പോകുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അതാതു ഓഫീസുകളില്‍ നിന്നുമുള്ള അനുമതി കത്തുകളും ഒപ്പം തിരിച്ചറിയല്‍ രേഖകളും കരുതിയിരിക്കണം. ബൗഷര്‍ , ഗാല , അല്‍ ഹൈല്‍ , സീബ് എന്നി പ്രവിശ്യകളില്‍ നിലവില്‍ യാത്രാ വിലക്ക് ഏര്‍പെടുത്തിയിട്ടില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി പറഞ്ഞു.
 

click me!