ഖത്തര്‍ ഓണ്‍ അറൈവല്‍ വിസയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമില്ല

By Web TeamFirst Published Nov 17, 2018, 6:34 PM IST
Highlights

ഓണ്‍ അറൈവല്‍ വിസ ഉപയോഗപ്പെടുത്താനായി ഖത്തറിലെത്തുന്നവര്‍ക്ക് സ്വന്തം പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് കൈവശമുണ്ടാകണമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. 

ദോഹ: ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് കൈവശമുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. പകരം രാജ്യത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഡെബിറ്റ് കാര്‍ഡ് മതിയാകുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞയാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്.

ഓണ്‍ അറൈവല്‍ വിസ ഉപയോഗപ്പെടുത്താനായി ഖത്തറിലെത്തുന്നവര്‍ക്ക് സ്വന്തം പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് കൈവശമുണ്ടാകണമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. 30 ദിവസം കാലാവധിയുള്ള ഓണ്‍ അറൈവല്‍ വിസയാണ് ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഖത്തര്‍ നല്‍കുന്നത്. തിരിച്ചുപോകാനുള്ള ടിക്കറ്റ്, ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷന്‍ രേഖകള്‍ എന്നിവയ്ക്കൊപ്പം യാത്ര ചെയ്യുന്നവരുടെ പാസ്‍പോര്‍ട്ടിന് ആറ് മാസം കാലാവധിയും ഉണ്ടായിരിക്കണം. 

രാജ്യത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഡെബിറ്റ് കാര്‍ഡോ ക്രെ‍ഡിറ്റ് കാര്‍ഡോ സ്വന്തം പേരിലുണ്ടായിരിക്കുകയും വേണം. കുടുംബമായി യാത്ര ചെയ്യുന്നവരാണെങ്കില്‍ മുതിര്‍ന്ന അംഗത്തിന്റെ പേരിലുള്ള കാര്‍ഡ് മതിയാവുന്നതാണ്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

click me!