അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ 23കാരി, പ്രതിശുത വരൻ കണ്ടെത്തിയ 'ക്യാരിയർ', പെട്ടിക്കുള്ളിൽ ലഹരിമരുന്ന്

Published : Apr 17, 2025, 02:16 PM ISTUpdated : Apr 17, 2025, 02:19 PM IST
അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ 23കാരി, പ്രതിശുത വരൻ കണ്ടെത്തിയ 'ക്യാരിയർ', പെട്ടിക്കുള്ളിൽ ലഹരിമരുന്ന്

Synopsis

വില്‍ക്കാനുള്ള ഉദ്ദേശത്തിലാണ് ലഹരിമരുന്ന് മറ്റൊരു രാജ്യത്ത് നിന്ന് എത്തിച്ചത്. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. 

മനാമ: പ്രതിശ്രുത വധുവിനെ ലഹരിമരുന്ന് കടത്താന്‍ സഹായിച്ച കാര്‍ സെയില്‍സ്മാന് ബഹ്റൈനില്‍ തടവുശിക്ഷ. ലാഹോറില്‍ നിന്ന് ബഹ്റൈനിലെത്തിയ വിമാനത്തില്‍ ഒരു കിലോഗ്രാമിലധികം മെത്താംഫെറ്റാമൈൻ കടത്താന്‍ യുവതിയെ സഹായിച്ചതിനാണ് സെയില്‍സ്മാന് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചത്. 

31കാരനായ പാകിസ്ഥാന്‍ സ്വദേശിക്ക് ഹൈ ക്രിമിനല്‍ കോടതി 3,000 ബഹ്റൈന്‍ ദിനാര്‍ പിഴയും വിധിച്ചു. തടവുശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചു. വില്‍ക്കാനുള്ള ഉദ്ദേശത്തോടെ ലഹരിമരുന്ന് ഇറക്കുമതി നടത്തിയെന്ന കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയത്. എന്നാല്‍ യുവാവിനെതിരെ ലഹരിക്കടത്തില്‍ പങ്കാളിയായി, ലഹരിമരുന്ന് വില്‍ക്കാനുള്ള പദ്ധതി തയ്യാറാക്കി  യുവതിയെ ബഹ്റൈനിലെത്തിച്ചു എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നു. അതേസമയം ഇയാളുടെ 23കാരിയായ പ്രതിശ്രത വധുവിനെ ലഹരിമരുന്ന് കടത്തിയ കേസില്‍ വെറുതെ വിട്ടു. 

താന്‍ അറിയാതെ തന്‍റെ രണ്ടാനമ്മ ലഹരിമരുന്ന് ലഗേജില്‍ ഒളിപ്പിക്കുകയായിരുന്നെന്ന് കോടതിയില്‍ യുവതി പറഞ്ഞു. തന്‍റെ അറിവില്ലാതെയാണ് രണ്ടാനമ്മ ഇത് സ്യൂട്ട്കേസിന്‍റെ അടിയിലായി ഒളിപ്പിച്ചത്. യുവതിയുടെ ഭാഗം കേട്ട കോടതി, ലഹരിമരുന്ന് ഒളിപ്പിച്ച വിവരം യുവതിക്ക് അറിയാമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്നാല്‍ പൊലീസിന് കുറ്റകൃത്യത്തിലെ കൂട്ടാളികളെ പിടികൂടാൻ സഹായിക്കുന്നവരെ അവരുടെ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ അനുവദിക്കുന്ന നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കാൻ യുവതി അർഹയാണെന്നും വിധിന്യായത്തിൽ ജഡ്ജിമാർ പറഞ്ഞു. 

യുവതി പൊലീസിനോട് സഹകരിക്കുകയും തനിക്ക് ബഹ്റൈനിലേക്കുള്ള യാത്ര ഏര്‍പ്പാടാക്കി തന്നയാളുടെ മുഴുവന്‍ വിവരങ്ങളും നല്‍കുകയും ചെയ്തിരുന്നു. യുവാവിന്‍റെ ഫോണില്‍ നിന്ന് ലഹരിമരുന്നുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിരുന്നു. ബഹ്റൈനില്‍ വന്നിറങ്ങിയ യുവതിയുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് സ്യൂട്ട്കേസിന്‍റെ അടിയിലായി 1.3 കിലോഗ്രാം മെത് പൗഡര്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പ്രതിശ്രുത വരന്‍ പാകിസ്ഥാനിലേക്ക് ക‍ടക്കാനൊരുങ്ങുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലാകുകയായിരുന്നു. ഇയാളാണ് യുവതിക്ക് ബഹ്റൈനിലേക്ക് വരാനുള്ള യാത്രയുടെ ചെലവുകള്‍ വഹിച്ചതും സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയതും. 

Read Also -  ഒരു നിമിഷത്തെ അശ്രദ്ധ, റോഡിൽ തലകീഴായി മറിഞ്ഞ് കാർ, ഗുരുതര കുറ്റമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി പൊലീസ്

തന്‍റെ പ്രതിശ്രുത വധു പിടിയിലായെന്ന് അറിഞ്ഞതോടെ നാട്ടിലേക്ക് പോയി അവിടെ സ്വന്തമായുള്ള സ്ഥലം വിറ്റ ശേഷം പണവുമായി തിരികെ ബഹ്റൈനിലെത്താനും അവളുടെ കേസ് നടത്തിപ്പിനുള്ള പണം നല്‍കാനുമാണ് ഉദ്ദേശിച്ചിരുന്നെതെന്ന് യുവാവ് പറഞ്ഞു. അറസ്റ്റിലാകുന്നതിന് മുമ്പ് ഒരു വര്‍ഷക്കാലമായി ബഹ്റൈനിലുണ്ടായിരുന്നെന്നും ആദ്യം ഫുഡ് ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയും പിന്നീട് കാര്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയുമായിരുന്നെന്ന് യുവാവ് വെളിപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം