സൗദി അറേബ്യയിൽ മരിച്ച രണ്ട് പ്രവാസികളുടെടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

By Web TeamFirst Published Oct 7, 2021, 9:06 AM IST
Highlights

നവയുഗം സാംസ്‍കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ ശ്രമഫലമായാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ നിന്നും തമിഴ്‍നാട് സ്വദേശി പളനിസ്വാമി സുബ്ബയ്യ നായ്‍കർ, ഉത്തർപ്രദേശ് സ്വദേശി രമേശ് നന്ദലാൽ മഞ്ജു എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. 

റിയാദ്: കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് മരിച്ച തമിഴ്‍നാട് സ്വദേശിയുടെയും ജോലിസ്ഥലത്ത് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ച യു.പി സ്വദേശിയുടെയും മൃതദേഹങ്ങൾ സൗദിയിൽ നിന്ന് നാട്ടിലെത്തിച്ചു. നവയുഗം സാംസ്‍കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ ശ്രമഫലമായാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ നിന്നും തമിഴ്‍നാട് സ്വദേശി പളനിസ്വാമി സുബ്ബയ്യ നായ്‍കർ, ഉത്തർപ്രദേശ് സ്വദേശി രമേശ് നന്ദലാൽ മഞ്ജു എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. 

തമിഴ്‍നാട് കുളച്ചൽ കോവിൽപട്ടി സ്വദേശിയായ പളനിസ്വാമി (52) ജോലിസ്ഥലത്തുണ്ടായ ഒരു അപകടത്തിൽപ്പെട്ടാണ് മരിച്ചത്. 14 വർഷമായി അൽഅഹ്‍സ ശാറ ഹരത്തിൽ പ്രവാസിയായിരുന്നു. ഒരു കെട്ടിട പണിസ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരിക്കെ മുകളിൽ നിന്ന് താഴെ വീണു ഗുരുതരമായി പരിക്കേറ്റ പളനിസ്വാമിയെ കൂടെയുണ്ടായിരുന്നവർ കിങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി സുഹൃത്തുക്കൾ നവയുഗം ജീവകാരുണ്യവിഭാഗത്തെ ബന്ധപ്പെടുകയായിരുന്നു. 

ഉത്തര്‍പ്രദേശ് സ്വദേശി രമേശ് നന്ദലാൽ മഞ്ജു (40) അൽഅഹ്‍സ മുബാറസിൽ 24 വർഷമായി കൺസ്ട്രക്ഷൻ ജോലി ചെയ്യുകയായിരുന്നു. ഒന്നര മാസം മുമ്പ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണ രമേശിനെ, കൂടെ ജോലി ചെയ്തവർ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിൽ ഇരിക്കെ മരണം സംഭവിച്ചു. ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതുകൊണ്ട്, ആശുപത്രി അധികൃതർ നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. നവയുഗം പ്രവർത്തകരായ മണി മാർത്താണ്ഡവും സിയാദ് പള്ളിമുക്കും ചേർന്ന് രണ്ടു മൃതദേഹങ്ങളും നാട്ടിലേക്ക്  അയക്കാനുള്ള നിയമനടപടികൾ അധികൃതരുടെ സഹായത്തോടെ വേഗത്തിൽ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുകയായിരുന്നു. 

click me!