
റിയാദ്: തമിഴ്‍നാട്ടുകാരനായ പ്രവാസിയുടെ മൃതദേഹം സൗദി അറേബ്യയിലെ താമസസ്ഥലത്തിനടുത്ത് അഴുകിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് തഞ്ചാവൂർ ജില്ലയിലെ കുംഭകോണം സ്വദേശി സ്റ്റീഫൻ അഗസ്റ്റിന്റെ (47) മൃതദേഹമാണ് ദക്ഷിണ സൗദിയിൽ ജീസാന് സമീപം സാംത പട്ടണത്തിൽ ഒഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയത്.
ദുർഗന്ധം പരന്നതിനെ തുടർന്ന് സൗദി പൗരൻ അന്വേഷണം നടത്തി മൃതദേഹം കണ്ടെത്തി സാംത പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഖമീസ് മുശൈത്തിൽ ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾ ചെയ്യുകയായിരുന്ന സ്റ്റീഫന്‍, ജോലിയാവശ്യാർത്ഥം സാംതയിലേക്ക് പോയതായിരുന്നു. കൂടെ വന്നവർ ഖമീസിലേക്ക് മടങ്ങിയെങ്കിലും സ്റ്റീഫൻ അവിടെ തന്നെ തുടരുകയായിരുന്നു.
പിന്നീട് സ്റ്റീഫനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതോടെ സഹപ്രവർത്തകരും സഹോദരൻ അഗസ്റ്റിൻ കനകരാജും സാംത പൊലീസിൽ പരാതി നൽകിയിരുന്നു. സാംത ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സഹോദരൻ അവിടെയെത്തി തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ സാംതയിൽ സംസ്കരിക്കും.
സ്പോൺസറുമായി ബന്ധമില്ലാത്തതിനാൽ മൂന്ന് വർഷത്തോളമായി ഹുറൂബിലാണ് സ്റ്റീഫന്‍. 25 വർഷമായി സൗദിയിലുള്ള ഇയാൾ അഞ്ചു വർഷം മുമ്പാണ് ഒന്നര മാസത്തെ ലീവിന് നാട്ടിൽ പോയി വന്നത്. പിന്നീട് നാടുമായും വീടുമായും ബന്ധം പുലർത്തിയിട്ടില്ല. അവിവാഹിതനാണ്. പരേതരായ അഗസ്റ്റിൻ - അന്നമ്മ ദമ്പതികളുടെ മകനാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam