കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് കുടിയേറ്റത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്

By Web TeamFirst Published Sep 19, 2018, 7:39 AM IST
Highlights

നോര്‍ക്ക സഹായത്തോടെ ജനുവരി മുതല്‍ മാര്‍ച്ച് വരെ സംസ്ഥാനത്തെ 15000പേരില്‍ നടത്തിയ സര്‍വേയിലാണ് വിദേശത്തേക്ക് തൊഴില്‍ തേടിയുളള കുടിയേറ്റം കുറയുന്നതായുളള കണ്ടെത്തല്‍. 

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുന്നതായി റിപ്പോർട്ട്. അഞ്ച് വർഷത്തിനിടെ കുടിയേറ്റത്തില്‍ 11 ശതമാനമാണ് കുറവുണ്ടായത്. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ

നോര്‍ക്ക സഹായത്തോടെ ജനുവരി മുതല്‍ മാര്‍ച്ച് വരെ സംസ്ഥാനത്തെ 15000പേരില്‍ നടത്തിയ സര്‍വേയിലാണ് വിദേശത്തേക്ക് തൊഴില്‍ തേടിയുളള കുടിയേറ്റം കുറയുന്നതായുളള കണ്ടെത്തല്‍. 2013ലെ സര്‍വേയില്‍ കണ്ടെത്തിയതിനേക്കാള്‍ വിദേശത്തു ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ മൂന്നു ലക്ഷം പേരുടെ കുറവുണ്ടായി. ഈ സാഹചര്യത്തിലേക്ക് നയിച്ചത് അഞ്ച് കാരണങ്ങളണെന്ന് സിഡിഎസ് പറയുന്നു. 

1. കേരളത്തില്‍ 15നും 29നും ഇടയില്‍ പ്രായമുളള ചെറുപ്പക്കാരുടെ എണ്ണത്തില്‍ വന്ന കുറവ്. 
2. ആഗോള സാന്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഗള്‍ഫിലെ വേതനത്തില്‍ വന്ന ഇടിവ്
3. ‍മറ്റു സംസ്ഥാനത്തേക്കാള്‍ കേരളത്തില്‍ വേതനത്തിലുണ്ടായ വര്‍ദ്ധന
4. ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ വിപണിയിലെ തിരിച്ചടിയില്‍ നിന്ന് കരകയറാത്തത്
5. നിതാഖത് അടക്കമുളള സ്വദേശി വല്‍ക്കരണ നടപടികളും ഗള്‍ഫിലെ  അഭ്യന്തര സംഘര്‍ഷങ്ങളും

എല്ലാ രാജ്യങ്ങളിലേക്കുമുളള കുടിയേറ്റത്തില്‍ കുറവുണ്ടായെങ്കിലും ഏറ്റവുമധികം കുറഞ്ഞത് സൗദി അറേബ്യയിലേക്കുളള കുടിയേറ്റമാണ്. 10 ശതമാനം. അതേസമയം, വിദേശ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്  20 ശതമാനം വര്‍ദ്ധനയുണ്ടായി. ഈ വരുമാന വര്‍ദ്ധന താല്‍ക്കാലികമാകാമെന്നും  കൂടുതല്‍ പേര്‍ നാട്ടിലേക്ക് മടങ്ങുന്നതിന്‍റെ ഭാഗമാകാമിതെന്നും സിഡിഎസ് വിലയിരുത്തുന്നു. വിദേശത്തുനിന്നും മടങ്ങിയെത്തിയ 12 ലക്ഷം പേരാണ് സംസ്ഥാനത്തുളളത്. മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതില്‍ ഒരു വിഭാഗമെങ്കിലും വിദേശത്തേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!