
മസ്‌കറ്റ്: ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പ്രതീക്ഷയുടെ സന്ദേശമാണ് അശ്വത് നന്ദകുമാര്‍. പത്തു വയസ്സുകാരനായ അശ്വത് നന്ദകുമാറിന്റെ ചില പ്രകടനങ്ങള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണ്. ജനന സമയത്ത് തന്നെ അശ്വതിന് മഞ്ഞപ്പിത്തം ബാധിച്ചു. ഇത് വളര്‍ച്ചയെ സാരമായി ബാധിച്ചു. ജനിച്ച് വീണ കുഞ്ഞിന്റെ ഓരോ അവയവത്തെയും മഞ്ഞപ്പിത്തം ഗുരുതരമായി ബാധിച്ചിരുന്നു.
വൈദ്യശാസ്ത്രം പോലും കൈവിട്ട അവസ്ഥയിലായിരുന്നു അശ്വത്, മാതാപിതാക്കളായ നന്ദകുമാറിന്റെയും സൗമ്യയുടേയും കൈകളിലേക്ക് എത്തിയത്. എന്നാല്‍ തങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിച്ച ഈ വെല്ലുവിളിയെ സധൈര്യം നേരിടാന്‍ ഇരുവരും തീരുമാനിച്ചു. സാരമായ മഞ്ഞപ്പിത്ത ബാധ മൂലം തങ്ങളുടെ മകന്റെ ബുദ്ധിക്കും മറ്റ് അവയവങ്ങള്‍ക്കും ലഭിക്കേണ്ട വളര്‍ച്ച കുറഞ്ഞതോട് കൂടി സാധാരണ ജീവിതം പ്രതിസന്ധിയിലായിരുന്നു. വളര്‍ച്ചയുടെ ഭാഗമായ സ്‌കൂള്‍ പഠനവും കായിക പരിശീലനവും മറ്റും അശ്വതിന് നല്‍കാന്‍ സാധിക്കാതെ വന്നു. അതിനാല്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള വിദ്യാലയത്തിലാണ് അശ്വത് നന്ദകുമാറിനെ പഠനത്തിനായി ചേര്‍ത്തത്.
മനസ്സില്‍ പ്രതീക്ഷ കാത്തുസൂക്ഷിച്ച മാതാപിതാക്കളുടെ കഠിനാധ്വാനവും അധ്യാപകരുടെ അര്‍പ്പണ മനോഭാവവും കൊണ്ട് മാത്രം അശ്വത് നന്ദകുമാര്‍ പതിയെ സാധാരണ ജീവിതത്തിലേക്ക് നീങ്ങിത്തുടങ്ങി. അശ്വത് ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാതെ ജീവിച്ച മാതാപിതാക്കള്‍ക്ക് വലിയ അത്ഭുതമായിരുന്നു അത്. നമുക്ക് എത്ര പേര്‍ക്കറിയാം ലോകത്തെ രാജ്യങ്ങളെക്കുറിച്ച്? ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ ഉണ്ടെന്ന്? എല്ലാ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങള്‍ തെറ്റ് കൂടാതെ പറയുവാന്‍ നമുക്ക് സാധിക്കുമോ ?എന്നാല്‍ അശ്വതിന് ഇതെല്ലാം സാധ്യമാണ്.
ഇതുകൊണ്ടു മാത്രം തീരുന്നതല്ല അശ്വതിന്‍റെ ഓര്‍മ്മശക്തി. വിവിധ കാറുകളുടെ ബ്രാന്‍ഡുകള്‍ അതിവേഗം പറയുവാന്‍ സാധിക്കുന്നു എന്നതും ഒരു വന്‍ നേട്ടമായി മാതാപിതാക്കളും അധ്യാപകരും പറയുന്നു. ഭിന്നശേഷിയുള്ള കുട്ടികളില്‍ ഓരോ കഴിവുകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും അവ മനസിലാക്കി, കണ്ടെത്തി പുറത്തെടുക്കുന്നതിലാണ് മാതാപിതാക്കളുടെ വിജയവും സന്തോഷവുമെന്നും തെളിയിച്ചിരിക്കുയാണ് നന്ദകുമാറും സൗമ്യയും. ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, ഇന്ദ്രിയ സംബന്ധിയോ, വൈകാരികമോ, പോഷണസംബന്ധിയോ, വികസനപരമോ ആയ ഹാനികള്‍, അവയുടെ കൂടിച്ചേരലുകള്‍ എന്നിവ കാരണം വ്യക്തികള്‍ക്കോ സമൂഹങ്ങള്‍ക്കോ സൃഷ്ടിക്കപ്പെടുന്ന പ്രശ്‌നങ്ങളുടെ പരിണിത ഫലമാണ് ഭിന്നശേഷി.
എന്നാല്‍ വളരെ വ്യക്തമായ നിശ്ചയദാര്‍ഢ്യത്തോടും അര്‍പ്പണ മനോഭാവത്തോടും ക്ഷമയോടും ഈ അവസ്ഥയെ നേരിട്ടാല്‍ ഇവര്‍ക്ക് സ്വയംപര്യാപ്തത നേടാന്‍ സാധിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ലെന്നും അത് നമ്മുടെ ബാധ്യത എന്നതിലുപരിയായി അവരുടെ അവകാശം കൂടിയാണെന്നുള്ളത് മറക്കാന്‍ പാടില്ലെന്നുമാണ് അശ്വത് നന്ദകുമാറിന്റെ മാതാപിതാക്കള്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ രണ്ടര ദശാബ്ദക്കാലമായി മസ്‌കറ്റില്‍ പ്രവാസ ജീവിതം നയിച്ച് വരികയാണ് അശ്വത് നന്ദകുമാറിന്റെ മാതാപിതാക്കള്‍. നമ്മുടെ സമൂഹത്തിലെ സഹജീവികളാണ് ഭിന്നശേഷിക്കാര്‍ അവര്‍ക്ക് കൈത്താങ്ങാകണമെന്നാണ് നന്ദകുമാറും സൗമ്യയും തങ്ങളുടെ മകനിലൂടെ മനസിലാക്കിയ ജീവിതം. നിശ്ചയദാര്‍ഢ്യമുള്ള ഈ മാതാപിതാക്കളുടെ കഠിന പ്രയത്നം അശ്വതിന്റെ വിജയത്തിനും അതിലുപരി പൊതുസമൂഹത്തിനും നല്‍കുന്ന സന്ദേശം കൂടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam