സൗദി അറേബ്യയിലെ ഇന്ത്യൻ സ്‍കൂളുകളിൽ നാളെ മുതൽ നേരിട്ടുള്ള ക്ലാസുകൾക്ക് തുടക്കം

By Web TeamFirst Published Sep 12, 2021, 6:45 PM IST
Highlights

വാക്‌സിനേഷൻ പൂർത്തീകരിച്ച വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസിൽ വരാം. എന്നാൽ രക്ഷിതാക്കളുടെ സമ്മതപത്രവും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഹാജരാക്കണം. 

റിയാദ്: കൊവിഡിനെ തുടർന്ന് അടച്ചിട്ട സൗദി അറേബ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ തിങ്കളാഴ്ച നേരിട്ടുള്ള ക്ലാസുകൾ പുനഃരാരംഭിക്കും. 18 മാസത്തിന് ശേഷമാണ് ക്ലാസുകള്‍ തുടങ്ങുന്നത്. കൊവിഡ് വാക്‌സിൻ രണ്ട് ഡോസും കുത്തിവെപ്പെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമാണ് പ്രവേശനം. മറ്റുള്ള കുട്ടികൾക്ക് നിലവിലെ ഓൺലൈൻ ക്ലാസിൽ തുടരാവുന്നതാണ്. 

വാക്‌സിനേഷൻ പൂർത്തീകരിച്ച വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസിൽ വരാം. എന്നാൽ രക്ഷിതാക്കളുടെ സമ്മതപത്രവും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഹാജരാക്കണം. രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.20 വരെയാണ് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ അധ്യയന സമയം ക്രമീകരിച്ചിട്ടുള്ളത്. ജിദ്ദയിൽ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതലും 9, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഈ മാസം 20 മുതലുമാണ് ക്ലാസുകൾ ആരംഭിക്കുക. 

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്‌കൂളിലെ ഗതാഗത സൗകര്യവും കാന്റീൻ സൗകര്യവും ഉണ്ടായിരിക്കില്ലെന്ന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ജൂബൈൽ ഇൻറർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഈ മാസം 26 മുതലാണ് ജുബൈലിൽ 9, 10 ക്ലാസുകൾ ആരംഭിക്കുക. 

ദമ്മാമിലെ ഇൻറർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ 12-ാം ക്ലാസ് തിങ്കളാഴ്ച തുടങ്ങും. 11-ാം ക്ലാസ് ചൊവ്വാഴ്ചയും ആരംഭിക്കും. 10ാം ക്ലാസ് ഈ മാസം 20നും, ഒമ്പതാം ക്ലാസ് 21നുമാണ് പ്രവർത്തിച്ച് തുടങ്ങുക. രാവിലെ 7.45 മുതൽ ഉച്ചക്ക് 12.45 വരെയാണ് ദമ്മാം സ്‌കൂളിലെ സമയം ക്രമീകരിച്ചിട്ടുള്ളത്. മറ്റുള്ള ക്ലാസുകൾ നിലവിലെ രീതിയിൽ ഓൺലൈനായി തുടരും.

click me!