
ഷാര്‍ജ: വിമാന യാത്രക്കാരില്‍ നിന്ന് കൊവിഡ് രോഗികളെ കണ്ടെത്താനായി ഷാര്‍ജ വിമാനത്താവളത്തില്‍ ഇനി പൊലീസ് നായകളെയും ഉപയോഗിക്കും. ഇതിനായി നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൊലീസ് നായകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയതായും പ്രത്യേക മുറിയില്‍ സാമ്പിളുകള്‍ സജ്ജീകരിച്ച് നടത്തിയ പരിശോധനക വിജയകരമായിരുന്നുവെന്നുമാണ് ഷാര്‍ജ പൊലീസ് കെ9 സെക്യൂരിറ്റി ഇന്‍സ്‍പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ലെഫ്. കേണല്‍ ഡോ. അഹ്‍മദ് ആദില്‍ അല്‍ മാമരി പറഞ്ഞു. കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായകളെ ഉപയോഗിക്കുമെന്ന് രണ്ട് മാസം മുമ്പ് തന്നെ യുഎഇ അറിയിച്ചിരുന്നു.
ഇത്തരമൊരു സാധ്യത ലോകത്താദ്യമായി ഉപയോഗപ്പെടുത്തുന്ന രാജ്യം യുഎഇ ആണെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്ന് ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിനാണ് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കൊവിഡ് രോഗം സംശയിക്കപ്പെടുന്നവരുടെ കക്ഷത്തില്‍ നിന്നെടുത്ത സാമ്പിളുകളാണ് പൊലീസ് നായകള്‍ക്ക് പരീക്ഷണത്തിനായി നല്‍കിയത്. ഉടന്‍തന്നെ ഇവ രോഗികളെ കണ്ടെത്തിയെന്നും 92 ശതമാനം കൃത്യതയാണ് ഉറപ്പുവരുത്താന്‍ കഴിഞ്ഞതെന്നും അധികൃതര്‍ പറയുന്നു. കൊവിഡിന് പുറമെ ടി.ബി, മലേറിയ എന്നിവയടക്കമുള്ള രോഗങ്ങളും ഇത്തരത്തില്‍ കണ്ടെത്താനും നായകളെ ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam