
ദുബായ്: അടുത്ത തവണ ടാക്സി ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മുന്നിലെത്തുന്ന കാറില്‍ ഡ്രൈവറില്ലെങ്കില്‍ അന്തംവിടണ്ട. ദുബായില്‍ ഡ്രൈവറില്ലാ ടാക്സികള്‍ സര്‍വ്വീസ് നിരത്തിലിറങ്ങിക്കഴിഞ്ഞു. മൂന്ന് മാസത്തെ പരീക്ഷണ സര്‍വ്വീസാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്.
ദുബൈ എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച 38-ാമത് ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ ആര്‍.ടി.എ നിരത്തിലിറക്കിയത്. ദുബായ് സിലിക്കണ്‍ ഒയാസിസിലായിരിക്കും സര്‍വ്വീസ് നടത്തുക. പരീക്ഷണ സര്‍വ്വീസിലെ പ്രവര്‍ത്തനം വിലയിരുത്തി നഗരത്തിലെ മറ്റിടങ്ങളിലേക്കും പിന്നീട് സര്‍വ്വീസ് വ്യാപിപ്പിക്കും.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ നാല് ഭാഗങ്ങളിലായി ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകളും മുന്നിലും പിന്നിലും കാറിനുള്ളിലും ക്യാമറകളും ഘടിപ്പിച്ചിരിക്കും. എല്ലാ ദിശയിലും 400 മീറ്റര്‍ വരെയുള്ള ചുറ്റുപാട് അപഗ്രഥിച്ച് സ്വയം നിയന്ത്രിക്കാനുള്ള സംവിധാനം കാറിലൊരുക്കിയിട്ടുണ്ട്. പരീക്ഷണ ഘട്ടമായതിനാല്‍ തല്‍ക്കാലം ഡ്രൈവിങ് സീറ്റില്‍ ആളുണ്ടാകും. എന്തെങ്കിലും കാരണവശാല്‍ കാറിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടിവന്നാല്‍ വാഹനം നിയന്ത്രിക്കാനാണിത്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും ഇപ്പോള്‍ യാത്ര ചെയ്യാന്‍ അവസരം. മാധ്യമങ്ങള്‍ക്കായും പ്രത്യേകം യാത്ര നടത്തും. 2030 ആവുമ്പോഴേക്കും ദുബൈയിലെ 25 ശതമാനം വാഹനങ്ങളും ഡ്രൈവറില്ലാതെ സഞ്ചരിക്കുന്നവയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam