യുഎഇയിലെ ഈ ട്രാഫിക് റഡാറിനെതിരെ പരാതിയുമായി ഡ്രൈവര്‍മാര്‍

By Web TeamFirst Published Aug 26, 2018, 9:10 PM IST
Highlights

നിരവധി പരാതികള്‍ കിട്ടിയതോടെ റാസല്‍ഖൈമ പൊലീസ് അന്വേഷണം തുടങ്ങി. റഡാറിന് തകരാറുണ്ടെന്ന് കണ്ടെത്തിയാല്‍ ഇതുവരെ അതില്‍ നിന്ന് കണ്ടെത്തിയ നിയമലംഘനങ്ങളെല്ലാം റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

റാസല്‍ഖൈമ: യുഎഇയിലെ ഒരു ട്രാഫിക് റഡാറിനെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുകയാണ് ഡ്രൈവര്‍മാര്‍. റാസല്‍ഖൈമയിലെ വഖാലത്ത് റോഡിലെ റഡാറിനെതിരെയാണ്  പതുക്കെപ്പോയാലും പിടികൂടുന്നുവെന്ന പരാതി ഉയര്‍ന്നത്.

നിരവധി പരാതികള്‍ കിട്ടിയതോടെ റാസല്‍ഖൈമ പൊലീസ് അന്വേഷണം തുടങ്ങി. റഡാറിന് തകരാറുണ്ടെന്ന് കണ്ടെത്തിയാല്‍ ഇതുവരെ അതില്‍ നിന്ന് കണ്ടെത്തിയ നിയമലംഘനങ്ങളെല്ലാം റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. വഖാലത്ത് റോഡില്‍, അഡ്നോക് പെട്രോള്‍ സ്റ്റേഷന് എതിര്‍വശം, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റൗണ്ട് എബൗട്ടിന്റെ ദിശയില്‍ സ്ഥാപിച്ചിരിക്കുന്ന റഡാറിനെക്കുറിച്ചാണ് പരാതി. 121 കിലോമീറ്ററാണ് ഇവിടെ പിഴശിക്ഷ ലഭിക്കാവുന്ന വേഗ പരിധിയെങ്കിലും 81 കിലോമീറ്ററില്‍ തന്നെ ഇത് പിടികൂടുന്നുവെന്നാണ് പരാതി.

റഡാറിലെ ചിത്രങ്ങള്‍ പരിശോധിച്ച് സാങ്കേതിക പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് ട്രാഫിക് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ സഹം അല്‍ നഖ്ബി അറിയിച്ചു. നേരത്തെ ചില റഡാറുകളെക്കുറിച്ച് ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് പരിശോധിച്ചപ്പോള്‍ പരാതിക്കാര്‍ വേഗപരിധി ലംഘിച്ചെന്ന് തന്നെയാണ് തെളിഞ്ഞത്.

click me!