
ദുബായ്: പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത കേസില്‍ രണ്ട് വിദേശിവനിതകള്‍ക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. ബിസിനസ് ഡെലവപ്‍മെന്റ് മാനേജരായി ജോലി ചെയ്തിരുന്ന 25കാരിക്കും ഡിസൈന്‍ മാനേജരായിരുന്ന 37കാരിക്കുമാണ് കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചത്. ഇരുവരും കനേഡിയന്‍ പൗരത്വമുള്ളവരാണ്.
ഐ.ഡി ചോദിച്ച പൊലീസുകാരനെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തതിനാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു ടാക്സി ഡ്രൈവറുടെ പരാതിപ്രകാരമാണ് പൊലീസ് സംഘം ഇവര്‍ക്കരികിലെത്തിയത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് തന്റെ ടാക്സി വിളിച്ച് യാത്ര ചെയ്തുവെന്നും യാത്രയ്ക്കൊടുവില്‍ പണം നല്‍കാന്‍ ഇവര്‍ വിസമ്മതിച്ചുവെന്നുമാണ് ഡ്രൈവര്‍ പൊലീസിനെ അറിയിച്ചത്. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടും സംഘത്തിലെ ആരും പുറത്തിറങ്ങിവരാന്‍ തയ്യാറായില്ല. ഒടുവില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ ഫ്ലാറ്റ് കണ്ടെത്തിയെങ്കിലും ടാക്സി ഡ്രൈവര്‍ക്ക് പണം നല്‍കാന്‍ ഇവര്‍ വിസമ്മതിച്ചു. ഇതിന് ഒരു കാരണവും ഇവര്‍ക്ക് പറയാനും ഉണ്ടായിരുന്നില്ല.
പൊലീസ് ഉദ്യോഗസ്ഥന്‍ ഇവരോട് ഐ.ഡി ആവശ്യപ്പെട്ടെങ്കിലും അത് കാണിക്കാനും തയ്യാറായില്ല. തങ്ങളെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും എംബസിയില്‍ പരാതി പറയുമെന്നും ഇവര്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉദ്യോഗസ്ഥരോട് മോശമായി സംസാരിക്കുകയും ചെയ്തു. ഒടുവില്‍ ഇവരില്‍ ഒരാളുടെ ഐ.ഡി പൊലീസിന് ലഭിച്ചു. ഇത് പോക്കറ്റില്‍ നിന്ന് തിരിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാരന്‍ തടഞ്ഞു. ഉദ്യോഗസ്ഥനെ പരിഹസിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വനിതാ പൊലീസിനെ സ്ഥലത്തേക്ക് എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പിന്നീട് വനിതാ പൊലീസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുക, അവരെ ദേഹോപദ്രവം ഏല്‍പ്പിക്കു, ലൈസന്‍സില്ലാതെ മദ്യപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇരുവരും കോടതിയില്‍ കുറ്റം നിഷേധിച്ചെങ്കിലും കോടതി ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ചശേഷം ഇവരുവരെയും നാടുകടത്തും. വിധിക്കെതിരെ ഇവര്‍ക്ക് അപ്പീല്‍ നല്‍കാനാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam