ദുബൈയില്‍ പരിശോധന ശക്തമാക്കി; നിരവധി സ്ഥാപനങ്ങള്‍ പൂട്ടിച്ചു

By Web TeamFirst Published Sep 14, 2020, 9:56 AM IST
Highlights

ആളുകളില്‍ തമ്മില്‍ ശാരീരിക അകലം പാലിക്കാത്തതിന് ഒരു സ്‍പോര്‍ട്സ് സെന്ററിന് 5000 ദിര്‍ഹം പിഴ ചുമത്തി. ഒരു ജീവനക്കാരന്‍ മാസ്‍ക് ധരിക്കാത്തതിന് മറ്റൊരു സ്‍പോര്‍ട്സ് സെന്ററിന് 3000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്‍തു. 

ദുബൈ: കൊവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി ദുബൈ. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. ഇന്നലെ മാത്രം നിരവധി സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും പിഴ ഈടാക്കുകയും ചിലതിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്‍തു.

ആളുകള്‍ വളരെ അടുത്തടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബ്ലൂവാട്ടേഴ്‍സ് ഐലന്റിലെ ഒരു റസ്റ്റോറന്റ് ദുബായ് ഇക്കണോമി വിഭാഗം പൂട്ടിച്ചു. കൊവിഡ് സുരക്ഷാ നിയമലംഘനങ്ങളുടെ പേരില്‍ ദുബൈയില്‍ അടച്ചുപൂട്ടിച്ച രണ്ടാമത്തെ റസ്റ്റോറന്റാണിത്. വെള്ളിയാഴ്‍ച സത്‍വയിലെ ഒരു റസ്റ്റോറന്റും പൂട്ടിച്ചിരുന്നു.

ജീവനക്കാര്‍ മാസ്‍ക് ധരിക്കാത്തതിനെ തുടര്‍ന്ന് ഒരു മാളിലെ സ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കി. ഉപഭോക്താക്കള്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കറുകള്‍ നിലത്ത് പതിക്കാതിരുന്ന നാല് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്‍തു. ദുബൈ ടൂറിസം അധികൃതരും നാലോളം സ്ഥാപനങ്ങള്‍ പൂട്ടിച്ചു. 14 സ്ഥാപനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുകയും 19 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്‍തു. റസ്റ്റോറന്റുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നടത്തിയ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

സുരക്ഷാ നടപടികള്‍ സ്വീകരിക്കാത്ത ഒരു സ്വിമ്മിങ് പൂള്‍ ദുബൈ സ്‍പോര്‍ട്സ് കൗണ്‍സിലും പൂട്ടിച്ചു. ആളുകളില്‍ തമ്മില്‍ ശാരീരിക അകലം പാലിക്കാത്തതിന് ഒരു സ്‍പോര്‍ട്സ് സെന്ററിന് 5000 ദിര്‍ഹം പിഴ ചുമത്തി. ഒരു ജീവനക്കാരന്‍ മാസ്‍ക് ധരിക്കാത്തതിന് മറ്റൊരു സ്‍പോര്‍ട്സ് സെന്ററിന് 3000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്‍തു. 

click me!