
ദുബായ് രാജ്യാന്തര ബോട്ട് ഷോയ്ക്ക് തുടക്കമായി. ജുമൈറയിൽ ദുബായ് കനാലിൽ തുടങ്ങിയ ഷോയില്‍ നാനൂറിലധികം ബോട്ടുകളും അൻപത് രാജ്യങ്ങളിൽ നിന്നുള്ള 800 രാജ്യാന്തര ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്.
അഞ്ച് ദിവസം നീളുന്ന ദുബായ് രാജ്യാന്തര ബോട്ട് ഷോയില്‍ മത്സ്യബന്ധന ബോട്ടുകള്‍, ഉല്ലാസ നൗകകള്‍, സൂപ്പര്‍ യോട്ടുകള്‍ തുടങ്ങിയവ പ്രദര്‍ശനത്തിനുണ്ട്. വിവിധ മത്സരങ്ങളും അരങ്ങേറും. ചെറുതും വലുതുമായ 38 ബോട്ടുകള്‍ ദുബായ് കനാലില്‍ നീറ്റിലിറക്കുന്ന ചടങ്ങുകളുമുണ്ട്. ചലിക്കുന്ന കൊട്ടാരങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന 17വന്‍ യോട്ടുകള്‍, 50 മീറ്റര്‍ നീളമുള്ള കീസന്‍ റോക്കറ്റ്, 47 മീറ്ററുള്ള അക്വാ മറീന്‍ തുടങ്ങിയവയാണ് ഇത്തവണത്തെ പ്രത്യേകതകള്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ദര്‍ നേരിട്ട് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. എഴുപതിലധികം പേര്‍ പങ്കെടുക്കുന്ന രാജ്യന്തര അക്വാ ബൈക്ക് ചാമ്പ്യന്‍ഷിപ്പും ഇതോടൊപ്പം നടക്കും. യുഎഇയുടെ ജെറ്റ്സ്കി താരമായ അലി അല്‍ ലന്‍ജാവി, ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ അബ്ദുല്‍ റസാഖ്, ജെറ്റ് സ്കീയിങ് മുന്‍ ലോക ചാമ്പ്യന്‍ കെവിന്‍ റൈറ്റര്‍ തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ ബോട്ട് ഷോയുടെ ഭാഗമാവും. ദുബായില്‍ നിന്ന് മസ്കത്തിലേക്കുള്ള 360 കിലോമീറ്റര്‍ പായ്ക്കപ്പലോട്ട മത്സരത്തിന് മറ്റെന്നാള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടക്കമാവും.
പൊതുജനങ്ങള്‍ക്ക് വൈകുന്നേരം മൂന്നു മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവേശനം. 65 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 15 ശതമാനം ഇളവ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam