ദുബായ് എക്സ്‍പോ അടുത്ത വര്‍ഷത്തേക്ക് മാറ്റി; പുതിയ തീയ്യതിക്ക് അംഗീകാരമായി

By Web TeamFirst Published May 4, 2020, 4:41 PM IST
Highlights

എക്സ്പോ മാറ്റിവെയ്ക്കാന്‍ നേരത്തെ ബി.ഐ.ഇ എക്സിക്യൂട്ടീവ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യോഗം ചേരാനാവാത്തതിനാല്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ബി.ഐ.ഇ ജനറല്‍ അസംബ്ലി ഇതിന് അംഗീകാരം നല്‍കിയത്. 

ദുബായ്: ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ദുബായ് എക്സ്പോ 2020, അടുത്ത വര്‍ഷത്തേക്ക് മാറ്റിവെയ്ക്കാനുള്ള തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം. വിവിധ രാജ്യങ്ങള്‍ അംഗങ്ങളായ ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്സ്പോസിഷന്‍സ് (ബി.ഐ.ഇ) ജനറല്‍ അസംബ്ലിയാണ് യുഎഇ സര്‍ക്കാറിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.

എക്സ്പോ മാറ്റിവെയ്ക്കാന്‍ നേരത്തെ ബി.ഐ.ഇ എക്സിക്യൂട്ടീവ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യോഗം ചേരാനാവാത്തതിനാല്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ബി.ഐ.ഇ ജനറല്‍ അസംബ്ലി ഇതിന് അംഗീകാരം നല്‍കിയത്. ഏപ്രില്‍ 24ന് തുടങ്ങിയ ഓണ്‍ലൈന്‍ വോട്ടെടുപ്പ് മേയ് 29 വരെ നീണ്ടുനില്‍ക്കുമെങ്കിലും അംഗീകാരത്തിന് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇതിനോടകം തന്നെ ആയിക്കഴിഞ്ഞു.

പുതിയ തീരുമാനപ്രകാരം 2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയായിരിക്കും ദുബായ് എക്സ്പോ നടക്കുക. തീരുമാനത്തിന് മൂന്നില്‍ രണ്ട് അംഗരാജ്യങ്ങളുടെയും അംഗീകാരം ലഭിച്ചതോടെ തീയ്യതി മാറ്റം സംബന്ധിച്ച് തീരുമാനമായതായി ബി.ഐ.ഇ അറിയിച്ചു. എന്നാല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന മേയ് 29ന് മാത്രമേ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.
 

click me!