മസാജ് സേവനത്തിനായി അപ്പാര്‍ട്ട്‌മെന്റിലെത്തിയ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍

By Web TeamFirst Published Feb 12, 2021, 10:27 PM IST
Highlights

നൈജീരിയക്കാരായ രണ്ട് സ്ത്രീകള്‍ മറ്റൊരു യുവതിയുടെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ മസാജ് സേവന പരസ്യം നല്‍കി. പരസ്യം കണ്ട യുവാവ് അല്‍ റാഷിദിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ രാവിലെ ആറുമണിക്ക് മസാജ് സേവനത്തിനായി എത്തി.

ദുബൈ: മസാജ് സേവനത്തിനായി ദുബൈയിലെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ യുവാവിനെ ബന്ധിയാക്കി പണം തട്ടിയെടുത്തു. സാമൂഹിക മാധ്യമത്തില്‍ പരസ്യം കണ്ട ഇയാള്‍ സ്ഥലത്തെത്തിയപ്പോഴാണ് രണ്ട് പ്രവാസി സ്ത്രീകള്‍ ചേര്‍ന്ന് യുവാവിന്റെ 25,600 ദിര്‍ഹം(നാലു ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ)തട്ടിയെടുത്തത്. 

ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. നൈജീരിയക്കാരായ രണ്ട് സ്ത്രീകള്‍ മറ്റൊരു യുവതിയുടെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ മസാജ് സേവന പരസ്യം നല്‍കി. പരസ്യം കണ്ട യുവാവ് അല്‍ റാഷിദിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ രാവിലെ ആറുമണിക്ക് മസാജ് സേവനത്തിനായി എത്തി. അപ്പാര്‍ട്ട്‌മെന്റിലെത്തിയ തന്നെ രണ്ട് നൈജീരിയക്കാരായ സ്ത്രീകള്‍ തടഞ്ഞുവെച്ചെന്നും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

ക്രൈഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതോടെ ഇവര്‍ ചേര്‍ന്ന് യുവാവിന്റെ വസ്ത്രം അഴിച്ചുമാറ്റുകയും മര്‍ ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം ഇയാളുടെ പഴ്‌സ് കൈക്കലാക്കിയ സ്ത്രീകള്‍ 600 ദിര്‍ഹം കവര്‍ന്നു. പിന്നീട് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ലഭിച്ച ശേഷം ഇവരിലൊരാള്‍ അടുത്തുള്ള എടിഎമ്മിലെത്തി യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 25,000ദിര്‍ഹം പിന്‍വലിക്കുകയായിരുന്നു. പിന്നീട് ഇവര്‍ പൊലീസിന്‍റെ പിടിയിലായി. തട്ടിപ്പുകാരായ ഈ സ്ത്രീകള്‍ സ്ഥിരമായി താമസസ്ഥലം മാറാറുണ്ടെന്ന് ദുബൈ പൊലീസ് അറിയിച്ചു. യുവാവിനെ മുറിയില്‍ പൂട്ടിയിട്ടതിനും പണം തട്ടിയെടുത്തതിനും രണ്ട് സ്ത്രീകള്‍ക്കുമെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ മാര്‍ച്ച് 14ന് വീണ്ടും വാദം കേള്‍ക്കും.

click me!