
ദുബായ്: ദുബായിലെ സാലിക് ടോൾ ഗേറ്റ് ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് ഇനി യാത്രാച്ചെലവേറും. സാലിക് ടോൾ ഗേറ്റ് നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും മേൽ 5 ശതമാനം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്താൻ കമ്പനി തീരുമാനിച്ചു. മെയ് 22 വെള്ളിയാഴ്ചയാണ് സാലിക് ഓപ്പറേറ്റർമാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 2026 ജൂൺ ഒന്ന് മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിലുള്ള അടിസ്ഥാന ടോൾ നിരക്കുകളിൽ മാറ്റമില്ലെങ്കിലും 5 ശതമാനം വാറ്റ് അധികമായി നൽകേണ്ടി വരും. ദുബായിലെ 10 ടോൾ ഗേറ്റുകൾക്കും ഈ നികുതി ബാധകമായിരിക്കും.
തിരക്കുള്ള സമയം
രാവിലെ 6 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെയും നികുതിക്ക് മുൻപ് 6 ദിർഹവും നികുതിക്ക് ശേഷം 6.30 ദിർഹവുമാണ് നിരക്ക്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയും രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെയും നികുതിക്ക് മുൻപ് 4 ദിർഹവും നികുതിക്ക് ശേഷം 4.20 ദിർഹവുമാണ് നിരക്ക്.
പുലർച്ചെ 1 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ പതിവുപോലെ ടോൾ നിരക്കുകൾ ഈടാക്കില്ല. ദിവസേന യാത്ര ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റിനെ ഈ നിരക്ക് വർധനവ് ബാധിക്കും. സാലിക് ഗേറ്റുകളിൽ നിന്ന് പിരിച്ചെടുക്കുന്ന വാറ്റ് തുക പൂർണ്ണമായും യുഎഇ നിയമപ്രകാരം ഫെഡറൽ ടാക്സ് അതോറിറ്റിക്ക് കൈമാറുമെന്ന് സാലിക് കമ്പനി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam