സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചു; ദുബായില്‍ പാര്‍ട്ടി നടത്തിയ ഡിജെ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 14, 2020, 10:40 PM IST
Highlights

നിരവധി ആളുകള്‍ പങ്കെടുത്ത ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയെടുത്തത്.

ദുബായ്: കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയ ടൂറിസം കമ്പനിയുടെ ജനറല്‍ മാനേജര്‍, മാര്‍ക്കറ്റിങ് ഡയറക്ടര്‍, ഡിജെ(ഡിസ്‌ക് ജോക്കി) എന്നിവരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. അടച്ചിട്ട മുറിയില്‍ 100 പേരെ പങ്കെടുപ്പിച്ചാണ് പാര്‍ട്ടി നടത്തിയത്. 

നിരവധി ആളുകള്‍ പങ്കെടുത്ത ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയെടുത്തതെന്ന് ദുബായ് പൊലീസിലെ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം(സിഐഡി) ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു. അധികൃതരില്‍ നിന്ന് വേണ്ട അനുമതി വാങ്ങാതെയാണ് പാര്‍ട്ടി നടത്തിയത്.

സാമൂഹിക അകലം പാലിക്കാതെ നടത്തിയ പാര്‍ട്ടിയില്‍ കൊവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നില്ല. ആളുകളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് അധികൃതര്‍ വിലയിരുത്തി. അതേസമയം പാര്‍ട്ടി, യോഗം, പൊതു, സ്വകാര്യ ആഘോഷങ്ങള്‍, പൊതുസ്ഥലത്തോ ഫാമുകളിലോ നടത്തുന്ന പാര്‍ട്ടി എന്നിവയിലേക്ക് ആളുകളെ ക്ഷണിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് സിഐഡി ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

click me!