ഗ്യാസ് സിലിണ്ടര്‍ തുറന്ന് വീട് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഗൃഹനാഥന്റെ ഭീഷണി; കുടുംബത്തെ രക്ഷിച്ച് പൊലീസ്

By Web TeamFirst Published Mar 4, 2021, 9:58 PM IST
Highlights

പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട് തീ കൊളുത്തി വീട്ടിലുള്ളവരെ അപായപ്പെടുത്തുമെന്ന് ഗൃഹനാഥന്‍ ഭീഷണി മുഴക്കുന്ന വിവരം വീട്ടിലെ ജോലിക്കാരിയാണ് ജോലിസ്ഥലത്തായിരുന്ന വീട്ടുമസ്ഥയെ ഫോണ്‍ വിളിച്ചറിയിച്ചത്. ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.

ദുബൈ: പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട് സ്‌ഫോടനത്തില്‍ വീട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഗൃഹനാഥനില്‍ നിന്ന് കുടുംബത്തെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. ഭാര്യയും മൂന്ന് കുട്ടികളും വീട്ടിലെ ജോലിക്കാരിയും ഉള്‍പ്പെടെ കുടുംബത്തിന്‍റെ ജീവന്‍ അപകടത്തിലായ സാഹചര്യത്തിലാണ് പൊലീസ് കൃത്യസമയത്തെത്തി പ്രശ്‌നം പരിഹരിച്ചത്.

പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട് തീ കൊളുത്തി വീട്ടിലുള്ളവരെ അപായപ്പെടുത്തുമെന്ന് ഗൃഹനാഥന്‍ ഭീഷണി മുഴക്കുന്ന വിവരം വീട്ടിലെ ജോലിക്കാരിയാണ് ജോലിസ്ഥലത്തായിരുന്ന വീട്ടുമസ്ഥയെ ഫോണ്‍ വിളിച്ചറിയിച്ചത്. ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. ഇതറിഞ്ഞ ഇയാളുടെ ഭാര്യ വീട്ടിലുണ്ടായിരുന്ന മൂന്ന് മക്കളെയും അയല്‍വാസിയുടെ വീട്ടിലേക്ക് മാറ്റാന്‍ ജോലിക്കാരിക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.

ഉടന്‍ തന്നെ അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് ബിന്‍ സുലൈമാന്റെ നേതൃത്വത്തിലുള്ള സംഘം ദമ്പതികളുടെ വില്ലയിലെത്തി. ഗ്യാസ് സിലിണ്ടറുമായി സ്‌ഫോടനം നടത്താന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന ഗൃഹനാഥനെ രണ്ടു മണിക്കൂറോളം നീണ്ട അനുനയ ശ്രമത്തിനൊടുവിലാണ് കൃത്യത്തില്‍ നിന്ന് പൊലീസ് പിന്തിരിപ്പിച്ചത്. തന്റെ ഭര്‍ത്താവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും മുമ്പ് ചികിത്സ തേടിയിട്ടുണ്ടെന്നും ഭാര്യ പൊലീസിനോട് വ്യക്തമാക്കി. 
 

click me!