ദുബായില്‍ റസ്റ്റോറന്റില്‍ പാചക വാതകം ചോര്‍ന്ന് സ്‍ഫോടനം

By Web TeamFirst Published Jul 13, 2020, 7:17 PM IST
Highlights

പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. റസ്റ്റോറന്റ് അടച്ചിട്ടിരുന്നപ്പോഴാണ് സ്‍ഫോടനമുണ്ടായതെന്ന് പൊലീസ് സ്റ്റേഷന്‍ ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്‍ദുല്‍ ഹലീം അല്‍ ഹാഷിമി അറിയിച്ചു.

ദുബായ്: പാചകം വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ സ്‍ഫോടനത്തില്‍ റസ്റ്റോറന്റില്‍ വന്‍ നാശനഷ്ടം. തിങ്കളാഴ്ച പുലര്‍ച്ചെ അല്‍ ഖുസൈസിലെ ഡമാസ്‍കസ് സ്ട്രീറ്റിന് സമീപത്തെ കെട്ടിടത്തിലായിരുന്നു അപകടം. അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ താഴേ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റിലാണ് സ്‍ഫോടനമുണ്ടായത്. സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു ഫാര്‍മസിയും സലൂണും അടുത്തുണ്ടായിരുന്ന മൂന്ന് കാറുകളും തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. റസ്റ്റോറന്റ് അടച്ചിട്ടിരുന്നപ്പോഴാണ് സ്‍ഫോടനമുണ്ടായതെന്ന് പൊലീസ് സ്റ്റേഷന്‍ ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്‍ദുല്‍ ഹലീം അല്‍ ഹാഷിമി അറിയിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘങ്ങളും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി. രണ്ട് നില കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെയെല്ലാം സുരക്ഷ മുന്‍നിര്‍ത്തി ഒഴിപ്പിച്ചു.

പാചക വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് സ്‍ഫോടനമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ബ്രിഗേഡിയര്‍ അബ്‍ദുല്‍ ഹലീം അല്‍ ഹാഷിമി പറഞ്ഞു. ഫോറന്‍സിക് ആന്റ് ക്രിമിനോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി തെളിവുകള്‍ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുകയാണ്. റസ്റ്റോറന്റ് ഉടമകള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഉപകരണങ്ങളുടെ പരിശോധനകള്‍ യഥാസമയം നടത്തുകയും വേണമെന്ന് പൊലീസ് അറിയിച്ചു. 

click me!