
ദുബായ്: പനി ബാധിച്ച് ഇന്ത്യക്കാരിയായ 19 വയസുകാരി മരിച്ചതിന് പിന്നാലെ യുഎഇയിലെ പല സ്കൂളുകളും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കി. കുട്ടികളെ പനിയുള്ള ദിവസങ്ങളില്‍ സ്കൂളിലേക്ക് അയക്കരുതെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ആലിയ നിയാസ് അലി പനി ഗുരുതരമായതിനെ തുടര്‍ന്ന് മരിച്ചത്.
രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയാണ് ഇത്തരത്തില്‍ പനി ബാധിച്ച് മരണപ്പെടുന്നത്. എന്നാല്‍ ഏതെങ്കിലും പ്രത്യേക അസുഖങ്ങള്‍ കൊണ്ടുണ്ടായതല്ലെന്നും ഇവ ഒറ്റപ്പെട്ട സംഭവമാണെന്നും കാണിച്ച് റാഷിദ് ആശുപത്രി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലിയയുടെ നില ഗുരുതരമായതിനെ തുടര്‍ന്നാണ് റാഷിദ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സാധ്യമാകുന്ന എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചുവെങ്കിലും കുട്ടിയുടെ നില വളരെ വേഗം വഷളാവുകയും മണിക്കൂറികള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയുമായിരുന്നെന്ന് റാഷിദ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വരെ സ്കൂളില്‍ പോയിരുന്ന ആലിയക്ക് പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പനിയ്ക്ക് കാരണമായ വൈറസ് ഹൃദയത്തെയും മറ്റ് ആന്തരിക അവയവങ്ങളെയും ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഔവര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഒന്‍പത് വയസുകാരി ഒക്ടോബര്‍ 30നാണ് പനി ബാധിച്ച് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam