പരസ്യം കണ്ട് മസാജിന് പോയ യുവാവിന്റെ നഗ്ന ഫോട്ടോകളെടുത്ത് പണം കവര്‍ന്നു

By Web TeamFirst Published Nov 13, 2018, 3:22 PM IST
Highlights

വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയ യുവാവ് ചില കാര്‍ഡുകളിലാണ് മസാജിനെക്കുറിച്ചുള്ള പരസ്യം കണ്ടത്. ഇതിലുണ്ടായിരുന്ന നമ്പറിലേക്ക് വാട്‍സ്ആപ് വഴിയായിരുന്നു ആശയവിനിമയം.

ദുബായ്: പരസ്യം കണ്ട് മസാജിനായി പോയ യുവാവിനെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ നാല് യുവതികള്‍ക്കെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. ഉസ്ബെക് പൗരനായ 24കാരന്റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷമായിരുന്നു കയ്യിലുണ്ടായിരുന്ന 4500 ദിര്‍ഹം അപഹരിച്ചത്. 28നും 33നും ഇടയില്‍ പ്രായമുള്ള നാല് നൈജീരിയന്‍ യുവതികളാണ് കേസില്‍ പിടിയിലായത്.

അല്‍ റഫ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ ആറിനായിരുന്നു സംഭവം. വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയ യുവാവ് ചില കാര്‍ഡുകളിലാണ് മസാജിനെക്കുറിച്ചുള്ള പരസ്യം കണ്ടത്. ഇതിലുണ്ടായിരുന്ന നമ്പറിലേക്ക് വാട്‍സ്ആപ് വഴിയായിരുന്നു ആശയവിനിമയം. ഒരു ഫ്ലാറ്റിലെത്താനായിരുന്നു നിര്‍ദ്ദേശം. അകത്ത് കടന്നയുടന്‍ അഞ്ച് യുവതികളുടെ സംഘം വാതില്‍ പൂട്ടി. തുടര്‍ന്ന് ഇവര്‍ ആക്രമിച്ചു. വിവസ്ത്രനാക്കി കെട്ടിയിടുകയും നഗ്ന ഫോട്ടോകളെടുക്കുകയും ചെയ്തു. കൈവശമുണ്ടായിരുന്ന 4500 ദിര്‍ഹം എടുത്തശേഷം പോകാന്‍ അനുവദിച്ചു. പൊലീസിനെ അറിയിക്കരുതെന്നും ഭീഷണിപ്പെടുത്തി.

യുവാവ് പോയിക്കഴിഞ്ഞ് അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ തന്നെ യുവതികളും രക്ഷപെട്ടു. രാത്രി 11 മണിയോടെ മൂന്ന് സ്ത്രീകള്‍ ഇവിടെനിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പ്രതികളായ സ്ത്രീകള്‍ സമാനമായ തട്ടിപ്പുകള്‍ നേരത്തെയും നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കെട്ടിടത്തില്‍ സിസിടിവി ക്യാമറകളില്ലാത്തത് ഇവര്‍ക്ക് സഹായകമായി. അന്വേഷണത്തിനൊടുവില്‍ മറ്റൊരു ഫ്ലാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ സ്ത്രീകളില്‍ ചിലരെ യുവാവ് പൊലീസ് സ്റ്റേഷനില്‍ വെച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയപ്പോള്‍ യുവതികൾ കുറ്റം നിഷേധിച്ചു. യുവാവിനെ തടഞ്ഞുവയ്ക്കുകയോ ഭീഷണിപ്പെടുത്തി പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഇവരുടെ വാദം.

click me!