ഫേസ്ബുക്കിലെ മസാജ് പരസ്യം കണ്ട് വിളിച്ചു; പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങള്‍, നഗ്നനാക്കി ഫോട്ടോ പകര്‍ത്തി

By Web TeamFirst Published Jun 28, 2021, 10:41 PM IST
Highlights

സ്ഥലം പറഞ്ഞുകൊടുത്തപ്പോള്‍ പുരുഷന്മാരിലൊരാള്‍ കാറില്‍ നിന്ന് 150ഡോളര്‍, 50 യൂറോ, 300ദിര്‍ഹം എന്നിവ തട്ടിയെടുത്തു. പിന്നീട് ഇയാളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ 32,679 ദിര്‍ഹം കൂടി പിന്‍വലിച്ചു.

ദുബൈ: ദുബൈയില്‍ ഫേസ്ബുക്കില്‍ മസാജ് സേവന പരസ്യം കണ്ട് വിളിച്ച ഏഷ്യക്കാരനെ മര്‍ദ്ദിച്ച് 33,000 ദിര്‍ഹത്തിലധികം(ആറുലക്ഷം ഇന്ത്യന്‍ രൂപ) തട്ടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ആഫ്രിക്കന്‍ സ്വദേശികളെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ക്രിമിനല്‍ കോടതിയില്‍ കൈമാറി. പണം തട്ടിയെടുക്കല്‍, അനുവാദമില്ലാതെ ചിത്രം പകര്‍ത്തി എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.

കഴിഞ്ഞ മാര്‍ച്ചില്‍ ഫേസ്ബുക്കില്‍ മസാജ് കേന്ദ്രത്തിന്റെ പരസ്യം കണ്ട ഏഷ്യക്കാരന്‍ ഇതില്‍ കൊടുത്ത നമ്പരില്‍ വിളിച്ചു. ഫോണ്‍ എടുത്തത് ഒരു സ്ത്രീയായിരുന്നു. പിന്നീട് ഈ സ്ത്രീ വശീകരിക്കുന്ന ചിത്രങ്ങള്‍ അയച്ച്, 300 ദിര്‍ഹത്തിന് ഇവരുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചു. ഏഷ്യക്കാരന്‍ ഈ സ്ത്രീയുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോള്‍ 10 സ്ത്രീകളും മൂന്ന് ആഫ്രിക്കന്‍ സ്വദേശികളുമാണ് ഇവിടെയുണ്ടായിരുന്നത്. 100 ദിര്‍ഹവും കാറിന്റെ താക്കോലും മാത്രമായിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം വെളിപ്പെടുത്തുന്നത് വരെ സ്ത്രീകള്‍ ചേര്‍ന്ന് ഏഷ്യക്കാരനെ മര്‍ദ്ദിച്ചു. സ്ഥലം പറഞ്ഞുകൊടുത്തപ്പോള്‍ പുരുഷന്മാരിലൊരാള്‍ കാറില്‍ നിന്ന് 150ഡോളര്‍, 50 യൂറോ, 300ദിര്‍ഹം എന്നിവ തട്ടിയെടുത്തു. പിന്നീട് ഇയാളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ 32,679 ദിര്‍ഹം കൂടി പിന്‍വലിച്ചു. അപ്പാര്‍ട്ട്‌മെന്റിന് പുറത്തെത്തിച്ച് തന്റെ വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഏഷ്യക്കാരന്‍ വെളിപ്പെടുത്തി. പിന്നീട് പ്രതികള്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!