സ്വര്‍ണ്ണം കടത്താന്‍ ദുബായ് കസ്റ്റംസിന് കൈക്കൂലി; രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍

By Web TeamFirst Published Sep 26, 2018, 8:46 PM IST
Highlights

3 കിലോ കൊണ്ടുപോയതായി രേഖയുണ്ടാക്കുമെങ്കിലും അത്രയും സ്വര്‍ണ്ണം യഥാര്‍ത്ഥത്തില്‍ കൊണ്ടുപോകില്ല. കുറവ് വരുന്ന ഓരോ കിലോയ്ക്കും 1000 ദിര്‍ഹം വീതം കൈക്കൂലി നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ദുബായ്: രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണ്ണം കടത്താന്‍ ദുബായ് കസ്റ്റംസ് ഉദ്ദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച രണ്ട് ഇന്ത്യക്കാര്‍ പിടിയിലായി. ദുബായ് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലുള്ള പാസഞ്ചര്‍ ഓപറേഷന്‍ സെക്ഷനിലെ സീനിയര്‍ കസ്റ്റംസ് ഇന്‍സ്പെക്ടര്‍ക്ക് 10,500 ദിര്‍ഹമാണ് ഇവര്‍ വാഗ്ദാനം ചെയ്തത്. ഇവര്‍ ഹാജരാക്കുന്ന വ്യാജ ബില്ലുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ സ്വര്‍ണ്ണത്തിന്റെ അളവ് ശരിയാണെന്ന് സാക്ഷ്യപ്പെടുത്തി നല്‍കണമെന്നായിരുന്നു ആവശ്യം.

40 വയസുള്ള ഒരു വ്യാപാരിയും 30കാരനായ മാനേജറുമാണ് പിടിയിലായത്. ഇവര്‍ കയറ്റുമതി ചെയ്യുന്ന സ്വര്‍ണ്ണത്തിന്റെ തൂക്കവും ബില്ലില്‍ കാണിച്ചിരിക്കുന്ന സ്വര്‍ണ്ണവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാതിരിക്കണമെന്നായിരുന്നു ആവശ്യം. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്യുക, വ്യാജരേഖ നിര്‍മ്മിക്കുക, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാപാരിയുടെ സഹായത്തോടെ മാനേജര്‍ വ്യാജ ബില്ലുണ്ടാക്കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

13 കിലോഗ്രാം സ്വര്‍ണ്ണം യുഎഇയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നുവെന്നായിരുന്നു ഇയാള്‍ ഹാജരാക്കിയ ബില്ലില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്രയും സ്വര്‍ണ്ണം ഇയാള്‍ വാങ്ങുകയോ കൊണ്ടുപോകാനായി എയര്‍പോര്‍ട്ടില്‍ കൊണ്ടുവരികയോ ചെയ്തിരുന്നില്ല. കയറ്റുമതി ചെയ്തതായി രേഖയുണ്ടാക്കി ആനുകൂല്യങ്ങള്‍ പറ്റാനും ശേഷം ബാക്കിയുള്ള സ്വര്‍ണ്ണം യുഎഇയില്‍ തന്നെ ചില്ലറ വില്‍പ്പന നടത്താനുമായിരുന്നു പദ്ധതി. 13 കിലോ കൊണ്ടുപോയതായി രേഖയുണ്ടാക്കുമെങ്കിലും അത്രയും സ്വര്‍ണ്ണം യഥാര്‍ത്ഥത്തില്‍ കൊണ്ടുപോകില്ല. കുറവ് വരുന്ന ഓരോ കിലോയ്ക്കും 1000 ദിര്‍ഹം വീതം കൈക്കൂലി നല്‍കാമെന്നായിരുന്നു വാഗ്ദാനം.

വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന ഉദ്ദ്യോഗസ്ഥനെ സ്വകാര്യമായി സന്ദര്‍ശിച്ചായിരുന്നു വാഗ്ദാനം ചെയ്തത്. അബുഹൈല്‍ പ്രദേശത്ത് വെച്ചായിരുന്നു ഇവര്‍ സംസാരിച്ചത്. ഉദ്ദ്യോഗസ്ഥന്‍ തന്റെ മേലധികാരികളെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സിഐഡി വിഭാഗത്തിന് വിവരം നല്‍കിയത്. വൈകുന്നരം 7.30ഓടെ ദുബായ് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തില്‍ വെച്ച് പണം കൈമാറുന്നതിനിടെ പൊലീസ് കൈയ്യോടെ പിടികൂടി. നേരത്തെയും താന്‍ ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും പിടിക്കപ്പെടില്ലെന്നും പറഞ്ഞാണ് തന്നെ ഇവര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു.

click me!