
ജിദ്ദ: സൗദി അറേബ്യയില്‍ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലും ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കി. ചൊവ്വാഴ്ച മുതലാണ് നിയമം പ്രാബല്യത്തിലായത്. വാണിജ്യ വകുപ്പ്, മുനിസിപ്പാലിറ്റി, സൗദി മോണിറ്ററി ഏജന്‍സി എന്നിവയുമായി സഹകരിച്ചാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഡിജിറ്റല്‍ പേയ്‌മെന്റ് ആദ്യഘട്ടം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ്. പെട്രോള്‍ പമ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായിരുന്നു ആദ്യ ഘട്ടത്തില്‍. രണ്ടാംഘട്ടത്തില്‍ വര്‍ക്ക്ഷാപ്പ്, സ്‌പെയര്‍ പാര്‍ട്‌സ് കടകളും മൂന്നാംഘട്ടത്തില്‍ ലോണ്‍ട്രികളും ബാര്‍ബര്‍ ഷോപ്പുകളും നാലാംഘട്ടത്തില്‍ ബഖാലകളുമാണ് ഉള്‍പ്പെട്ടത്. അഞ്ചാംഘട്ടം നടപ്പാക്കിയത് റെസ്റ്റാറന്റുകള്‍, ഫാസ്റ്റ് ഫുഡ്, സീ ഫുഡ്, കഫേകള്‍, ബൂഫിയകള്‍, ഫുഡ്ട്രക്കുകള്‍, ജൂസ്, ഐസ്‌ക്രീം കടകള്‍ എന്നിവിടങ്ങളിലാണ്. ആറാം ഘട്ടമാണ് ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചത്. രാജ്യത്തെ മുഴുവന്‍ റിട്ടെയില്‍ മേഖലയിലും ഇ പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാണെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു.
ബുധനാഴ്ച മുതല്‍ ഫര്‍ണിച്ചര്‍, കെട്ടിട നിര്‍മാണവസ്തുക്കള്‍, വസ്ത്രങ്ങള്‍, ഗ്യാസ്, ആക്‌സസറീസ്, പച്ചക്കറി പഴവര്‍ഗങ്ങള്‍, ടൈലറിങ് എന്നീ മേഖലകള്‍ കൂടി ഇ പേയ്‌മെന്റ് സംവിധാനത്തിലുള്‍പ്പെടുമെന്നും മുഴുവന്‍ സ്ഥാപന ഉടമകളും തീരുമാനം പാലിക്കണമെന്നും വാണിജ്യ മന്ത്രാലയ വക്താവ് പറഞ്ഞു. അവശേഷിക്കുന്ന മുഴുവന്‍ റീട്ടെയില്‍ മേഖലകളിലും ഇ പേയ്‌മെന്റ് നിര്‍ബന്ധമാക്കുന്ന ഘട്ടം ആരംഭിച്ചതിനാല്‍ സംവിധാനം സ്ഥാപിക്കുന്നതിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ ബാങ്കുകളോടും ആ രംഗത്ത് സേവനം ചെയ്യുന്ന സ്ഥാപനങ്ങളോടും സൗദി മോണിറ്ററി ഏജന്‍സി നിര്‍ദേശം നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam