പാലില്‍ കീടനാശിനി കലര്‍ത്തി പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയതായി ആരോപണം

By Web TeamFirst Published Sep 21, 2021, 4:01 PM IST
Highlights

താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നതായും കുഞ്ഞുണ്ടാകുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലായിരുന്നെന്നും യുവതി പറഞ്ഞു. ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞിനെ വില്‍ക്കുമെന്ന് ഒരിക്കല്‍ ഇയാള്‍ തന്നോട് പറഞ്ഞതായും ഭാര്യ വെളിപ്പെടുത്തി.

കെയ്‌റോ: ഈജിപ്തില്‍ സ്വന്തം കുഞ്ഞിനെ പാലില്‍ വിഷം കലര്‍ത്തി നല്‍കി പിതാവ് കൊലപ്പെടുത്തിയതായി ആരോപണം. കീടനാശിനി കലര്‍ത്തിയ പാല്‍ നല്‍കി ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഭാര്യ ആരോപിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നതായും കുഞ്ഞുണ്ടാകുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലായിരുന്നെന്നും യുവതി പറഞ്ഞു. ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞിനെ വില്‍ക്കുമെന്ന് ഒരിക്കല്‍ ഇയാള്‍ തന്നോട് പറഞ്ഞതായും ഭാര്യ വെളിപ്പെടുത്തി. പ്രസവ സമയത്ത് ഭര്‍ത്താവും ആശുപത്രിയിലേക്ക് വന്നിരുന്നു. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റിന് പണം നല്‍കാന്‍ തയ്യാറായില്ല. പ്രസവശേഷം 40 ദിവസം കഴിഞ്ഞ് താന്‍ വീണ്ടും ജോലിക്ക് പോയി തുടങ്ങിയെന്നും കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചാണ് ജോലിക്ക് പോയിരുന്നെതെന്നും അവര്‍ പറഞ്ഞു.

ഒരു ദിവസം ഉറക്കഗുളികകള്‍ ചേര്‍ത്ത ഭക്ഷണം തന്ന ശേഷം ഭര്‍ത്താവ് തന്നോട് ഉറങ്ങിക്കോളാന്‍ പറഞ്ഞെന്നും ഈ സമയം ഇയാള്‍ കുഞ്ഞിനുള്ള പാലില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നെന്നാണ് യുവതി ആരോപിക്കുന്നത്. പിറ്റേന്ന് കുഞ്ഞ് ഉണര്‍ന്നില്ല. അയല്‍വാസികളെ വിവരം അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞ് മരിച്ചെന്ന് ഭര്‍ത്താവ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകാനൊരുങ്ങിയപ്പോള്‍ അത് തന്നെ കുഴപ്പത്തിലാക്കുമെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. എന്നാല്‍ ഇതനുസരിക്കാതെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായതോടെയാണ് ഈ വിവരം ലോക്കല്‍ പൊലീസില്‍ അറിയിച്ചതെന്ന് യുവതി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!