മസ്കറ്റിലേക്കു പറന്ന ഒമാൻ എയർ വിമാനത്തിന് അടിയന്തര ലാൻഡിംഗ്

By Web TeamFirst Published Feb 9, 2020, 8:57 PM IST
Highlights

വിമാനത്തിലെ മലയാളികളുൾപ്പെടെയുള്ള യാത്രക്കാരെല്ലാം സുരക്ഷിതരാണ്

മസ്കറ്റ്: സൂറിച്ചിൽ നിന്ന് മസ്കറ്റിലേക്കു പറന്ന ഒമാൻ എയർ വിമാനത്തിന് അടിയന്തര ലാൻഡിംഗ്. മസ്കറ്റിലേക്കുള്ള ഡബ്ല്യു.വൈ 154 (WY 154) വിമാനമാണ് ക്യാബിൻ പ്രഷറൈസേഷൻ തകരാർ സംഭവിച്ചതിനെതുടര്‍ന്ന് അടിയന്തര ലാൻഡിംഗ് നടത്തിയത്.

സൂറിച്ചിൽ നിന്നും വെള്ളിയാഴ്ച്ച രാത്രി 9.35 ന്  പുറപ്പെട്ട്, രാവിലെ 7.05 ന് മസ്‌കത്തിൽ എത്തേണ്ടിയിരുന്ന ഒമാൻ എയർവെയ്‌സാണ് സിറിയൻ അതിർത്തിയോട് ചേർന്ന തുർക്കിയിലെ വിമാനത്താവളമായ ഡിയാർബാകിറിൽ വെളുപ്പിന് മൂന്നിന് എമർജൻസി ലാൻഡിംഗ് നടത്തിയത്. ക്യാബിൻ പ്രഷർ സംവിധാനത്തിലുണ്ടായ തകരാറുമൂലമാണ് വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നെന്നാണ് ഒമാൻ എയർ ട്വിറ്ററിൽ കൂടി നൽകിയിരിക്കുന്ന വിശദീകരണം.

അടിയന്തരമായി ലാൻഡ് ചെയ്‌ത വിമാനത്തിലെ മലയാളികളുൾപ്പെടെയുള്ള യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്ന് രാത്രിയോട് കൂടി ബദൽ സംവിധാനത്തിലൂടെ യാത്രക്കാരെ മസ്കറ്റിലെത്തിക്കുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിന് വിമാന കമ്പനി ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്.

click me!