
ദുബൈ: ആഗോള വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഈ ദശകത്തിന്‍റെ അവസാനത്തോടെ ഏകദേശം 20,000 പുതിയ ജീവനക്കാരെ കൂടി നിയമിക്കുന്നു. വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും സർവീസുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും മുന്നോടിയായാണ് ഈ വമ്പൻ റിക്രൂട്ട്‌മെന്‍റ് ഡ്രൈവ്. എമിറേറ്റ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേഷൻസ് ഓഫീസറുമായ അദെൽ അൽ റെദ ബുധനാഴ്ച ദുബൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഓപ്പറേഷൻസ് വിഭാഗത്തിലാണ് പ്രധാനമായും തൊഴിലവസരങ്ങളുള്ളത്. കാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, എയർപോർട്ട് സ്റ്റാഫ്, ഇതുകൂടാതെ ഐടി, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിലും കൂടുതൽ പേരെ നിയമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇയിൽ നിന്നും രാജ്യത്തിന് പുറത്ത് നിന്നും അപേക്ഷകൾ സ്വീകരിക്കും. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി എമിറാത്തി പൗരന്മാർക്കായി പ്രത്യേക പരിശീലന പരിപാടികളും എമിറേറ്റ്‌സ് ഒരുക്കുന്നുണ്ട്.
ഈ വർഷം മാത്രം 17 പുതിയ എയർബസ് A350 വിമാനങ്ങൾ എമിറേറ്റ്‌സ് നിരയിൽ ചേരും. 2027-ഓടെ ബോയിംഗ് 777X വിമാനങ്ങളും എത്തിത്തുടങ്ങും. പുതിയ വിമാനങ്ങൾ എത്തുന്നതോടെ കൂടുതൽ റൂട്ടുകൾ ആരംഭിക്കാനും നിലവിലെ സർവീസുകളുടെ എണ്ണം കൂട്ടാനും ജീവനക്കാരുടെ വർധനവ് അത്യാവശ്യമാണ്. ഇതോടെയാണ് പുതിയ ജീവനക്കാരെ നിയമിക്കാൻ കമ്പനി ഒരുങ്ങുന്നത്.
പല അന്താരാഷ്ട്ര എയർലൈനുകളും പൈലറ്റുമാരുടെ ക്ഷാമം നേരിടുമ്പോൾ എമിറേറ്റ്‌സിന് അത്തരം പ്രതിസന്ധികളില്ലെന്ന് അൽ റെദ പറഞ്ഞു. ദുബൈ നൽകുന്ന സുരക്ഷയും ജീവിതസൗകര്യങ്ങളും ലോകമെമ്പാടുമുള്ള ഉദ്യോഗാർത്ഥികളെ ഇങ്ങോട്ട് ആകർഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും എമിറേറ്റ്‌സിന്റെ വിമാന സർവീസുകൾ 100 ശതമാനം കാര്യക്ഷമമായി മുന്നോട്ട് പോകുകയാണെന്നും കമ്പനി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam