കാര്‍ ഏജന്‍റ് ചമഞ്ഞ് സ്ത്രീകളെ ഉള്‍പ്പെടെ കെണിയിലാക്കി കോടികളുടെ തട്ടിപ്പ്; ദുബൈയില്‍ പ്രവാസി അറസ്റ്റില്‍

By Web TeamFirst Published Oct 23, 2020, 10:00 PM IST
Highlights

സുമുഖനായ പ്രതി സ്ത്രീകളുമായി നല്ല അടുപ്പം സ്ഥാപിച്ച ശേഷമാണ് ഇവരെ തട്ടിപ്പിനിരയാക്കിയത്. വിശ്വാസം പിടിച്ചുപറ്റുന്നതിനായി ഇവരെ പ്രതി സ്ഥിരമായി പാര്‍ട്ടികളില്‍ കൊണ്ടുപോകുകയും ആഢംബര വാഹനങ്ങളില്‍ കയറ്റുകയും ചെയ്തിരുന്നു.

ദുബൈ: കാര്‍ വില്‍പ്പനയുടെ പേരില്‍ നിരവധി പുരുഷന്മാരെയും സ്ത്രീകളെയും കബളിപ്പിച്ച് വന്‍ തുക തട്ടിയെടുത്ത പ്രവാസിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ വാങ്ങുന്നതിന്റെയും വില്‍പ്പനയുടെയും മറവില്‍ ഇയാളും മറ്റ് മൂന്നുപേരും ചേര്‍ന്ന് നിരവധി പേരെ കബളിപ്പിച്ചതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖാലില്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.

അറബ് വംശജനായ പ്രതി താന്‍ ധനികനായ യൂറോപ്യനാണെന്ന വ്യാജേനയാണ് ആളുകളെ സമീപിച്ചത്. വിശ്വാസം നേടുന്നതിനായി ആഢംബര കാറുകളും ഇയാള്‍ കാണിച്ചിരുന്നു. പത്ത് ദശലക്ഷം ദിര്‍ഹത്തിലധികം തുകയുടെ തട്ടിപ്പ് നടത്തിയ ഇയാള്‍ക്കെതിരെ അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ ആറ് പരാതികളാണ് ലഭിച്ചത്. എന്നാല്‍ സംഭവം പൊലീസില്‍ അറിയിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ കാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട രേഖകളില്‍ തട്ടിപ്പിനിരയായവര്‍ ഒപ്പിട്ട് നല്‍കിയിരുന്നു. വ്യാജ പേരിലാണ് പ്രതി കാര്‍ ഏജന്റ് ചമഞ്ഞ് പണം തട്ടിയെടുത്തത്. തട്ടിപ്പിനിരയായവരില്‍ കൂടുതലും രാജ്യത്ത് പുതുതായെത്തിയ താമസക്കാരാണ്. വ്യാജരേഖ നിര്‍മ്മിക്കുന്നതില്‍ മറ്റ് മൂന്നുപേര്‍ കൂടി ഇയാളെ സഹായിച്ചതായി അല്‍ റാഷിദിയ പൊലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ മെറി പറഞ്ഞു.

സുമുഖനായ പ്രതി സ്ത്രീകളുമായി നല്ല അടുപ്പം സ്ഥാപിച്ച ശേഷമാണ് ഇവരെ തട്ടിപ്പിനിരയാക്കിയത്. വിശ്വാസം പിടിച്ചുപറ്റുന്നതിനായി ഇവരെ പ്രതി സ്ഥിരമായി പാര്‍ട്ടികളില്‍ കൊണ്ടുപോകുകയും ആഢംബര വാഹനങ്ങളില്‍ കയറ്റുകയും ചെയ്തിരുന്നു. കേസിലെ നാല് പ്രതികളെയും ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.    
 

click me!