ഒമാനില്‍ കെട്ടിടം തകര്‍ന്ന് തമിഴ്നാട് സ്വദേശി മരിച്ചു; മലയാളിക്ക് പരിക്ക്

By Web TeamFirst Published Sep 12, 2020, 3:12 PM IST
Highlights

ശനിയാഴ്ച പുലർച്ചെ അഞ്ച്​ മണിക്കാണ്​ അപകടം സംഭവിച്ചത്. ഒമാന്‍ ഫ്ലവർ മില്ലില്‍ കയറ്റിറക്ക് ജോലിക്കാരായിരുന്നു ഇരുവരും. രാവിലെ ജോലിക്ക് പോകാനായി എഴുന്നേറ്റ സദാനന്ദന്‍ ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

മസ്‌കറ്റ്: ഒമാനിലെ മത്രയില്‍ കെട്ടിടം തകര്‍ന്നുവീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശി ദാസാണ്(57) കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് മരിച്ചത്. പയ്യന്നൂര്‍ കവ്വായി സ്വദേശി സദാനന്ദന്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച പുലർച്ചെ അഞ്ച്​ മണിക്കാണ്​ അപകടം സംഭവിച്ചത്. ഒമാന്‍ ഫ്ലവർ മില്ലില്‍ കയറ്റിറക്ക് ജോലിക്കാരായിരുന്നു ഇരുവരും. രാവിലെ ജോലിക്ക് പോകാനായി എഴുന്നേറ്റ സദാനന്ദന്‍ ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറി ഉണ്ടായതോടെ സദാനന്ദന്‍ പുറത്തേക്കോടി. ഈ സമയം ദാസ് ഉറങ്ങി കിടക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് പഴയ കെട്ടിടം നിലം പതിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തി മൃതദേഹം കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തു. ജോസ്ഗിരി സ്വദേശി മരിയയാണ്​ മരിച്ച ദാസിന്‍റെ ഭാര്യ. ഒരു മകളുണ്ട്​. കെട്ടിടം തകര്‍ന്ന് ഒരു ഏഷ്യന്‍ വംശജന്‍ മരിച്ചതായും പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.

click me!