അമ്മയുടെ സംസ്‌കാര ചടങ്ങിന് നാട്ടിലെത്താനായില്ല; സഹപ്രവര്‍ത്തകനെ പ്രവാസി 11 തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു

By Web TeamFirst Published Dec 17, 2020, 3:30 PM IST
Highlights

22 തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനായി കമ്പനിയില്‍ നിന്ന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ പ്രവാസി ഇന്ത്യക്കാരന്റെ പേര് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലായിരുന്നു. തുടര്‍ന്ന് തന്റെ മാതാവിന് സുഖമില്ലെന്നും വീട്ടിലെത്തേണ്ട ആവശ്യമുണ്ടെന്നും ഇയാള്‍ 26കാരനായ ഇന്ത്യക്കാരനോട് പറഞ്ഞു.

ദുബൈ: മാതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി നാട്ടിലേക്ക് മടങ്ങാന്‍ അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് ദുബൈയില്‍ പ്രവാസി ഇന്ത്യക്കാരന്‍ സഹപ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നാട്ടിലെത്താനായി കമ്പനിയില്‍ നിന്ന് അവധി ലഭിക്കാത്തതിനെ തുടര്‍ന്നാണ് മടങ്ങേണ്ട പ്രവാസികളുടെ ലിസ്റ്റ് തയ്യാറാക്കിയ സഹപ്രവര്‍ത്തകനെ 38കാരനായ പ്രവാസി 11 തവണ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ദുബൈ പ്രാഥമിക കോടതി ചൊവ്വാഴ്ചയാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റിലാണ് സംഭവം ഉണ്ടായത്. നിര്‍മ്മാണ കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഇരുവരും. 22 തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനായി കമ്പനിയില്‍ നിന്ന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ പ്രവാസി ഇന്ത്യക്കാരന്റെ പേര് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലായിരുന്നു. തുടര്‍ന്ന് തന്റെ മാതാവിന് സുഖമില്ലെന്നും വീട്ടിലെത്തേണ്ട ആവശ്യമുണ്ടെന്നും ഇയാള്‍ 26കാരനായ ഇന്ത്യക്കാരനോട് പറഞ്ഞു. എന്നാല്‍ ഈ തീരുമാനം തന്റെ പരിധിയില്‍പ്പെടുന്നതല്ല എന്ന് മറുപടി നല്‍കുകയായിരുന്നെന്ന് കുത്തേറ്റ യുവാവ് പറഞ്ഞു.

പിറ്റേ ദിവസം പ്രവാസി ഇയാളെ കാണുകയും മാതാവ് മരിച്ചതായി അറിയിക്കുകയുമായിരുന്നു. പിന്നീട് ക്ഷുഭിതനായി മുറിയിലേക്ക് പോയ പ്രവാസി തിരികെ കത്തിയുമായി വന്ന് തന്റെ അടിവയറ്റിലും നെഞ്ചിലുമായി 11 തവണ കുത്തിയെന്ന് യുവാവ് വ്യക്തമാക്കി. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. വിവരമറിഞ്ഞെത്തിയ ദുബൈ പൊലീസ് പ്രവാസിയെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു. കൊലപാതകശ്രമത്തിന് പ്രവാസിക്കെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിട്ടുണ്ട്. 2021 ജനുവരി 10നാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുക.
 

click me!