ദുബായില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ച വിദേശിക്ക് കോടതി ശിക്ഷ വിധിച്ചു

By Web TeamFirst Published Jan 30, 2019, 11:34 AM IST
Highlights

അല്‍ ഖൂസിലെ ഒരു വര്‍ക് ഷോപ്പില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ സമയത്ത് ഡ്യൂട്ടിയില്‍ അല്ലായിരുന്ന ഉദ്യോഗസ്ഥ തന്റെ കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഇവിടെയെത്തിയത്.

ദുബായ്: ദുബായില്‍ പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ച വര്‍ക്ക്ഷോപ്പ് ജീവനക്കാരന് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. 35കാരനായ ഇറാന്‍ പൗരനാണ് 23കാരിയായ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തത്. പ്രതിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും ചൊവ്വാഴ്ച കോടതി ഉത്തരവിട്ടു.

അല്‍ ഖൂസിലെ ഒരു വര്‍ക് ഷോപ്പില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ സമയത്ത് ഡ്യൂട്ടിയില്‍ അല്ലായിരുന്ന ഉദ്യോഗസ്ഥ തന്റെ കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഇവിടെയെത്തിയത്. കാറില്‍ ഇരിക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് വന്ന ഇയാള്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ തന്നെ അനുവദിച്ചില്ലെന്നും കാറിന്റെ ഗ്ലാസ് പരിശോധിക്കാനെന്ന വ്യാജേന ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും പരാതിയില്‍ പറയുന്നു. മാറി നില്‍ക്കാന്‍ പറഞ്ഞെങ്കിലും ഇത് അനുസരിക്കാന്‍ കൂട്ടാക്കാതിരുന്ന പ്രതി യുവതിയുടെ തോളില്‍ കൈവെച്ചു. ഇത് യുവതി എടുത്ത് മാറ്റിയപ്പോള്‍ പെട്ടെന്ന് തന്നെ കടന്നുപിടിക്കുകയും കവിളില്‍ ചുംബിക്കുകയയുമായിരുന്നെന്നാണ് പരാതി.

ഇതോടെ തന്റെ കാറിന് അറ്റകുറ്റപ്പണി നടത്തേണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ തിരിച്ച് പോകാനൊരുങ്ങി. പ്രതി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് തയ്യാറാവാതെ യുവതി തിരികെ പോവുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. കടയിലെ സിസിടിവി ക്യാമറയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ മുഴുവനും പതിഞ്ഞിട്ടില്ല. പ്രതി, കാറിന്റെ അടുത്ത് നില്‍ക്കുന്നതും വിന്‍ഡോയിലൂടെ അകത്തേക്ക് തലയിടുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പരാതി ലഭിച്ചതനുസരിച്ച് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍  ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു. ഇത് കോടതി കണക്കിലെടുത്തില്ല.

click me!