പെട്രോളുമായി ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു

By Web TeamFirst Published Dec 11, 2020, 10:49 AM IST
Highlights

മാനേജരായി ജോലി ചെയ്‍തിരുന്ന 27കാരനാണ് കമ്പനി ഉടമയെ, തനിക്ക് തരാനുള്ള പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയതിനും ബ്ലാക് മെയില്‍ ചെയ്തതിനും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

ദുബൈ: പെട്രോള്‍ കാനുമായി ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ദുബൈ പ്രാഥമിക കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. സ്വയം തീകൊളുത്തുമെന്നും സ്ഥാപനത്തിന് തീയിടുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി.

മാനേജരായി ജോലി ചെയ്‍തിരുന്ന 27കാരനാണ് കമ്പനി ഉടമയെ, തനിക്ക് തരാനുള്ള പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയതിനും ബ്ലാക് മെയില്‍ ചെയ്തതിനും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വിധിക്കെതിരെ യുവാവ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.

സെപ്‍തംബര്‍ ഒന്‍പതിന് അല്‍ ഹംരിയയിലെ ഒരു കോണ്‍ട്രാക്ടിങ് കമ്പനി ഓഫീസിലായിരുന്നു സംഭവം. അല്‍ റഫാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിവരമറിഞ്ഞ് പൊലീസ് സംഘം ഓഫീസിലെത്തിയത്. പണം കിട്ടിയില്ലെങ്കില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന ഭീഷണിയുമായി നില്‍ക്കുകയായിരുന്നു ഈ സമയം യുവാവ്. പൊലീസ് സംഘം ഇയാളെ കീഴ്‍പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

click me!