
റിയാദ്: ഒരു വാഹനാപകടം ദുരിതം തീർത്ത പ്രവാസ ജീവിതത്തിൽ നിന്നും ഒടുവിൽ ശങ്കറിന് രക്ഷയായി. നവയുഗം സാംസ്ക്കാരിക വേദിയുടെ സഹായത്തോടെ അയാൾ നാട്ടിലേയ്ക്ക് മടങ്ങി. തെലുങ്കാന ഗോവിന്ദരം സ്വദേശിയായ ബുയ്യ ശങ്കറിന്റെ പ്രവാസ ജീവിതത്തെ ദുരിതമയമാക്കിയത്, ഒരു വാഹനാപകടമാണ്.
ദമ്മാമിലെ ഒരു കമ്പനിയിൽ ജോലിക്കാരനായിരുന്ന ശങ്കറിന്, ജോലിക്ക് പോകുന്ന വഴിക്ക് ബസ് അപകടത്തിൽപ്പെട്ട് കാലിന് ഗുരുതരമായി പരിക്കേറ്റു. മൂന്ന് മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും, നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനിടെ ജോലിക്ക് പോകാത്തതിനാൽ, സ്‍പോൺസർ രഹസ്യമായി ശങ്കറിനെ ഹുറൂബിലാക്കി. അതോടെ നാട്ടിലേയ്ക്ക് മടങ്ങാനും കഴിയാതെ ദുരിതത്തിലായി. സഹായത്തിനായി പല വാതിലുകളും മുട്ടിയെങ്കിലും, നിയമക്കുരുക്കുകൾ അഴിക്കാൻ കഴിഞ്ഞില്ല.
ദമ്മാമിൽ കട നടത്തുന്ന മുജീബ് എന്ന സുഹൃത്ത് ഈ വിഷയം നവയുഗം ജീവകാരുണ്യപ്രവർത്തകൻ പദ്‍മനാഭൻ മണിക്കുട്ടനെ അറിയിച്ച് സഹായം അഭ്യർത്ഥിച്ചു. മണിക്കുട്ടനും, നവയുഗം ആക്ടിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടനും കൂടി മുജീബിനെയും കൂട്ടി ശങ്കറിനെ സന്ദർശിച്ചു, വിശദമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി, മെഡിക്കൽ റിപ്പോർട്ടുകൾ വാങ്ങി. ഇന്ത്യൻ എംബസ്സിയിലും വിഷയം റിപ്പോർട്ട് ചെയ്തു.
പിന്നീട് ഷിഫാ ആശുപത്രിയുടെയും, മുജീബ്, മുഹമ്മദ് എന്നിവരുടെയും സഹായത്തോടെ വീൽ ചെയറിൽ ശങ്കറിനെ തർഹീലിൽ എത്തിച്ചു. എംബസ്സി വോളന്റീർ വെങ്കടേഷിന്റെ സഹായത്തോടെ എക്സിറ്റ് അടിച്ചു വാങ്ങി. കമ്പനിയിലെ ശങ്കറിന്റെ സുഹൃത്തുക്കൾ പിരിവെടുത്ത് ശങ്കറിന് വീൽചെയർ വിമാനടിക്കറ്റ് നൽകി. സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു ശങ്കർ നാട്ടിലേക്ക് യാത്രയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam