ബിസിനസ് പങ്കാളിയെ കടക്കെണിയിലാക്കി മലയാളിമുങ്ങി; ഒമാനില്‍ 170 പ്രവാസി തൊഴിലാളികള്‍ കുടുങ്ങി

By Web TeamFirst Published Feb 17, 2020, 10:42 PM IST
Highlights

ജാർഖണ്ഡ്, തമിഴ്നാട്, കേരളം എന്നി സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇന്ത്യക്കാർക്ക് പുറമെ പാകിസ്ഥാനിൽ നിന്നുള്ളവരും  ഇതിൽ  ഉൾപ്പെടുന്നു.

മസ്കറ്റ്: ബിസിനസ് പങ്കാളിയെ കടക്കെണിയിലാക്കി മലയാളി മുങ്ങിയതിനാല്‍ 170ലേറെ പ്രവാസി തൊഴിലാളികള്‍ ഒമാനില്‍ കുടുങ്ങി. കഴിഞ്ഞ ഒമ്പത് മാസമായി ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടില്‍ കഴിയുകയാണ് തൊഴിലാളികള്‍. വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടക്കി  അയക്കാത്തതിനാലും പ്രശ്നങ്ങൾക്കു  പരിഹാരം കാണാന്‍ കഴിയാത്തതിനാലും    തൊഴിലുടമയ്ക്കെതിരെ പരാതിയുമായി തൊഴിലാളികൾ ഒമാൻ  തൊഴിൽ കോടതിയെ സമീപിച്ചു. തലസ്ഥാന നഗരിയായ  മസ്കറ്റിൽ നിന്നും 280  കിലോമീറ്റർ അകലെ  ഫലജ്  പ്രവിശ്യയിലാണ് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നത്. ജാർഖണ്ഡ്, തമിഴ്നാട്, കേരളം എന്നി സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇന്ത്യക്കാർക്ക്   പുറമെ പാകിസ്ഥാനിൽ  നിന്നുള്ളവരും  ഇതിൽ  ഉൾപ്പെടുന്നു.

ഇലട്രിക്കൽ ടവറുകൾ  സ്ഥാപിക്കുന്ന  ജോലികളുമായി ബന്ധപ്പെട്ടാണ് സോഹാറിലുള്ള  പവർ ലൈൻ  കൺസ്ട്രക്ഷൻ   കമ്പനി തൊഴിലാളികളെ ഒമാനിൽ  കൊണ്ട് വന്നത്. ടവറുകൾ സ്ഥാപിക്കുന്നതിനുള്ള  പ്രത്യേക പരിശീലനം  ലഭിച്ച  ഇവർ , ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ   ടവറുകളുടെ നിര്‍മിച്ചു. വളരെയധികം അപകട സാധ്യതയുള്ള ഒരു നിർമാണ മേഖലയാണിത്. 2012  മുതൽ  ശമ്പളം ലഭിക്കുന്നത് ഓരോ  മാസം   വൈകാൻ തുടങ്ങിയെങ്കിലും ഇപ്പോൾ എട്ടു മുതൽ പത്ത് മാസം വരെ  ശമ്പള  കുടിശ്ശികയിലെത്തിയിരിക്കുകയാണ്. വാണിജ്യ രേഖകളിൽ തൊഴിൽ ഉടമ ഒമാൻ  സ്വദേശി ആണെങ്കിലും  അടൂർ സ്വദേശിയായ മലയാളി തന്നെയായിരുന്നു  കമ്പനിയുടെ നടത്തിപ്പിന്  നേതൃത്വം  നൽകിയിരുന്നത്. അദ്ദേഹത്തെ  സഹായിക്കാനായി  ബന്ധുക്കളെ നാട്ടിൽ നിന്നും കൊണ്ട് വന്നു  മേൽനോട്ട ചുമതലകൾ  ഏല്‍പ്പിച്ചിരുന്നു.

ഇപ്പോൾ ഭീമമായ ഒരു  തുക  കമ്പനിക്കു കടബാധ്യത ആക്കിയതിനു  ശേഷം  നാട്ടിലേക്ക് കടന്ന  അടൂർ സ്വദേശിയയായ മുതലാളിക്ക് പിന്നാലെ ബന്ധുക്കളും മസ്കറ്റിൽ നിന്ന് മുങ്ങി. മലയാളി ഉടമ മുങ്ങിയതോടെ ഒമാൻ സ്വദേശിയും  പ്രതിസന്ധിയിലായി. ഇയാള്‍ക്കെതിരെ നിയമനടപടിയുണ്ടാകാനും സാധ്യതയുണ്ട്. നാട്ടിലേക്ക് മുങ്ങിയ മലയാളി മുതലാളി, ഇന്ത്യയിൽ  സമാനമായ  പ്രോജക്റ്റുകൾ ഉള്‍പ്പെടുത്തി ഇലക്ട്രിക്കൽ കമ്പനി ആരംഭിച്ചതായും സോഹാറിൽ   കുടുങ്ങി കിടക്കുന്ന തൊഴിലാളികൾ ആരോപിക്കുന്നു. ഒമാൻ തൊഴിൽ മന്ത്രാലയത്തിലും മസ്‌കറ്റിലെ ഇന്ത്യൻ  എംബസ്സിയിലും  പരാതികൾ നൽകി ഏറെ പ്രതീക്ഷയോടു കാത്തിരിക്കുയാണ്  ഈ പ്രവാസികൾ. 

click me!